Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് മനുഷ്യ ഭൂപടം 30 ന്; വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ലോംഗ് മാർച്ച്

കൊച്ചി- യു.ഡി.എഫ് ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
വയനാട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ആയിരകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന മനുഷ്യ ഭൂപടവും വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ ലോംഗ് മാർച്ചും നടക്കും. 
ത്രിവർണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞാകും പ്രവർത്തകർ മനുഷ്യ ഭൂപടത്തിന്റെ ഭാഗമാവുക. അശോക ചക്രം തീർക്കാൻ നീലത്തൊപ്പികൾ ധരിച്ചവർ അണിനിരക്കും.  
മനുഷ്യ ഭൂപടത്തിന്  പുറത്ത് പത്ത് മീറ്റർ ദൂരപരിധിയിൽ ചതുരാകൃതിയിൽ ദേശീയ പതാകകൾ ഏന്തിയ പ്രവർത്തകർ സംരക്ഷണ കവചവും ഒരുക്കും. വൈകിട്ട് നാല് മണിക്ക് പ്രവർത്തകർ അതാത് ഗ്രൗണ്ടുകളിൽ എത്തിച്ചേരും. നാലരയ്ക്ക് പൊതുയോഗം ആരംഭിക്കും. വൈകിട്ട് 5.05 ന് ഭൂപടം സൃഷ്ടിക്കും. മഹാത്മാഗാന്ധി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തുടർന്ന് പൊതുയോഗം തുടരും.
തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് വി.എം. സുധീരൻ, പത്തനംതിട്ടയിൽ ഷിബു ബേബിജോൺ, കോട്ടയത്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ എം.എം. ഹസൻ, ഇടുക്കിയിൽ പി.ജെ. ജോസഫ്, എറണാകുളത്ത് നെഹ്‌റു സ്റ്റേഡിയം പരിസരത്ത് പി.പി. തങ്കച്ചൻ, തൃശൂരിൽ ഡോ. എം.കെ. മുനീർ, മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാലക്കാട് കെ. ശങ്കരനാരായണൻ, കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർകോട്ട് യു.ടി. ഖാദർ എന്നിവർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ട് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.
വയനാട്ടിൽ രാവിലെ 11 മണിക്ക് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ലോംഗ് മാർച്ച് ആരംഭിക്കും. കൽപറ്റയിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. പ്രമുഖ യു.ഡി.എഫ് നേതാക്കളും ലോങ് മാർച്ചിൽ അണിനിരക്കുമെന്ന് ബെന്നി ബെഹനാൻ അറിയിച്ചു.
 

Latest News