Sorry, you need to enable JavaScript to visit this website.

ഓസീസിനെ തകര്‍ത്തു, ഇന്ത്യക്ക് സെമി എതിരാളി പാക്കിസ്ഥാനോ?

പോചഫ്‌സ്ട്രൂം - ഓസ്‌ട്രേലിയയെ 74 റണ്‍സിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തി. മോശം തുടക്കത്തിനു ശേഷം ഒമ്പതിന് 233 ലെത്തിയ ഇന്ത്യ എതിരാളികളുടെ തിരിച്ചുവരവ് ശ്രമം തകര്‍ത്താണ് വിജയം പിടിച്ചത്. നാലിന് 14 ലേക്ക് തകര്‍ന്ന ഓസ്‌ട്രേലിയയെ ഓപണര്‍ സാം ഫാനിംഗ് (75) കരകയറ്റാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ പത്ത് റണ്‍സിനിടെ അവസാന അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ സ്വന്തമാക്കി. ഫോമിലുള്ള ഫ്രെയ്‌സര്‍ മഗുര്‍ക് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ റണ്ണൗട്ടായത് ഓസീസിനെ തളര്‍ത്തി. കാര്‍ത്തിക് ത്യാഗി ആദ്യ രണ്ടോവറില്‍ മൂന്നു വിക്കറ്റെടുത്തു. നാലിന് 14 ല്‍ നിന്ന് തിരിച്ചുവരിക എളുപ്പമായിരുന്നില്ല. 43.3 ഓവറില്‍ ഓസീസ് ഓളൗട്ടായി. പാക്കിസ്ഥാനോ ബംഗ്ലാദേശോ ആയിരിക്കും സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 
54 റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍ ദിവ്യാന്‍ഷ് സക്‌സേന (14), തിലക് വര്‍മ (2), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (5) എന്നിവരെ നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങുകയായിരുന്നു. എന്നാല്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ (82 പന്തില്‍ 62) ഉറച്ചുനിന്നു. അഥര്‍വ അങ്കൊലേക്കര്‍ (54 പന്തില്‍ 55 നോട്ടൗട്ട്) ഓപണര്‍ക്ക് ഉറച്ച പിന്തുണ നല്‍കി. രവി ബിഷ്‌ണോയ് (31 പന്തില്‍ 30), സിദ്ധേഷ് വീര്‍ (25) എന്നിവരും കാര്യമായ സംഭാവന നല്‍കി. 
നാലു വിക്കറ്റെടുത്ത ഓപണിംഗ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയാണ് (8-0-24-4) ഓസീസിന്റെ തുടക്കം അലങ്കോലമാക്കിയത്. ഇടങ്കൈയന്‍ മീഡിയംപെയ്‌സര്‍ ആകാശ് സിംഗ് (8.3-0-30-3) വാലറ്റത്തെ ചുരുട്ടിക്കെട്ടി. ആകാശിന്റെ ബൗളിംഗില്‍ റണ്ണൗട്ടുള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വിക്കറ്റ് വീണു. 

Latest News