Sorry, you need to enable JavaScript to visit this website.

പ്രേക്ഷക ഹൃദയം കീഴടക്കി മഞ്ചേരി ആകാശവാണി 

മഞ്ചേരി- മലബാറിന്റെ സ്വന്തം മൊഞ്ചും മൊഴിയഴകുമായ   മഞ്ചേരി ആകാശവാണിക്ക് ഇന്നലെ പതിനാല് വയസ്സ് പൂർത്തിയായി. 
വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ ശ്രോതാക്കൾക്കായി ഒരുക്കിയിരിക്കുകയാണ് മഞ്ചേരി ആകാശവാണി. ആദ്യകേൾവിയിൽ തന്നെ ആരേയും ആകർഷിക്കുന്ന  ഈ നിലയത്തിന്റെ മികച്ച പരിപാടികൾ കേൾക്കുമ്പോൾ,  ശ്രോതാക്കളുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലത്തുന്നുണ്ടെന്ന് മനസിലാക്കാം.
 മറ്റ് അറിയാനുള്ള മാർഗ്ഗങ്ങൾ തടസപ്പെട്ട് നാട് പ്രകൃതിക്ഷോഭത്താൽ നിസ്സഹായ അവസ്ഥയിൽ നിൽക്കുമ്പോൾ സത്യസന്ധമായ വാർത്തകൾ നൽകി ആശ്വാസം പകരുന്നതിന് മഞ്ചേരി ആകാശവാണി മുൻപന്തിയിൽ നിന്നു. പലപ്പോഴും ബി.എസ്.എൻ.എൽ. കേബിൾ തകരാറ് പ്രക്ഷേപണത്തിന് തടസം സൃഷ്ടിച്ചപ്പോഴും അതിനെയെല്ലാം തരണം ചെയ്ത് ശ്രോതാക്കളോടുള്ള ആത്മാർഥതമൂലം പരിപാടികൾ മറ്റുമാർഗ്ഗങ്ങളിലൂടെ കേൾപ്പിക്കാനും അണിയറ പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്നു.
കേരളത്തിലെ ആകാശവാണിയുടെ രണ്ടാമത്തെ പ്രാദേശിക റേഡിയോ നിലയമായ മഞ്ചേരി എഫ്.എം102.7, സംസ്ഥാനത്ത് ഏറ്റവുമധികം പ്രദേശങ്ങളിൽ ലഭിക്കുന്ന  നിലയമാണ്. കേരളത്തിലെ ആകാശവാണിയുടെ െ്രെപമറി  ലോക്കൽ റേഡിയോ സ്‌റ്റേഷനുകളിൽ, രാവിലെ 5.53 മുതൽ രാത്രി 11.06 വരെ ഇടവേളകളില്ലാതെ തുടർച്ചയായി പ്രക്ഷേപണമുള്ള  ഒരേയൊരു നിലയവും മഞ്ചേരിയാണ്.
വർഷങ്ങളോളമുള്ള ശ്രോതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന്  2006 ജനുവരി 28ന് അന്നത്തെ കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദാണ് നിലയം ഉദ്ഘാടനം ചെയ്ത്. അന്ന് കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്ന ഡി.പ്രദീപ് കുമാറായിരുന്നു ഉദ്ഘാടനത്തിന്റെയും
പ്രാരംഭ പ്രക്ഷേപണത്തിന്റെയും ചുമതല വഹിച്ചത്. ആദ്യ അനൗൺസർ ആർ.കനകാംബരൻ. ആദ്യ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവ് മാത്യു ജോസഫ്. പിന്നീട് കെ.എം.നരേന്ദ്രൻ പ്രോഗ്രാം മേധാവിയായി. പ്രമുഖ എഴുത്തുകാരും പ്രക്ഷേപകരുമായ ഡോ.എം.രാജീവ് കുമാർ, ജി. ഹിരൺ എന്നിവർ നിലയത്തിൽ ജോലി ചെയ്തു. ടി.വി.അശ്വതി, ജി.ജയ, പി.എ. ബിജു, വി.പ്രീത, ബോബി സി.മാത്യു, കൃഷ്ണകുമാർ, നാടകപ്രവർത്തകനായ എസ്.രാധാകൃഷ്ണൻ, എം.ബാലകൃഷ്ണൻ തുടങ്ങിയവരും ആദ്യകാല പ്രവർത്തകരാണ്. സായാഹ്ന പ്രക്ഷേപണം മാത്രമുണ്ടായിരുന്ന നിലയം ക്രമാനുഗതമായി പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമായത്, ഡി.പ്രദീപ് കുമാർ പ്രോഗ്രാം മേധാവിയായ ശേഷമാണ്.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റേഡിയോയുടെ പുത്തൻ സാധ്യതകൾ ശ്രോതാക്കളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നു.
ശ്രോതാക്കൾ തങ്ങളുടെ ജീവിതഗന്ധിയായ അനുഭവങ്ങൾക്കൊപ്പം ഇഷ്ടഗാനങ്ങൾ,  അവതരിപ്പിക്കുന്ന ‘എൻെറ ഗാനം', ശ്രോതാക്കളുടെ ഭാവനയിൽ വിരിയുന്ന  പ്രമേയാധിഷ്ഠിത ഗാനങ്ങൾ കോർത്തിണക്കിയ ‘ഹൃദയഗീതങ്ങൾ', ശ്രോതാക്കളുടെ സ്‌നേഹ സന്ദേശത്തോടൊപ്പം ആവശ്യപ്പെടുന്ന ഗാനങ്ങളും ചേർത്ത്  കേൾപ്പിക്കുന്ന  ‘സ്‌നേഹദൂത്'എന്നിവ  മഞ്ചേരി ആകാശവാണിയും ശ്രോതാക്കളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം വെളിവാക്കുന്ന പരിപാടികളാണ്.
 എല്ലാ തിങ്കളാഴ്ചയും അരമണിക്കൂർ നേരം ശ്രോതാക്കൾ കത്തുകളിലൂടെ അഭിപ്രായങ്ങൾ പറയുന്ന ‘പരസ്പരം' പരിപാടി മഞ്ചേരി നിലയത്തിനുമാത്രം അവകാശപ്പെട്ടതാണ്. ദിവസവും രാവിലെയുള്ള എഫ്.എം. ശുഭദിനം  പരിപാടി ആയിരക്കണക്കിന് ശ്രോതാക്കൾക്ക് വഴികാട്ടിയും ഉപകാരപ്രദവുമാണ്.
വിചാരധാര, ജാഗ്രത, ജീവിതപാഠം, ചിത്രമഞ്ജരി, നോവൽ വായന, ദൃഷ്ടി, സൈബർജാലകം, ആരോഗ്യജാലകം, കാവ്യധാര, രസമുകുളം, ഇംഗ്ലീഷ് മാറ്റേഴ്‌സ്, ഇംഗ്ലീഷ് ക്രോണിക്കിൾ, എന്ത് പഠിക്കണം എന്താകണം, മഴവില്ല്, ഇഷ്ടഗാനങ്ങൾ, സ്മൃതിഗീതങ്ങൾ, ഹലോയൂത്ത്, കുട്ടീ റോക്ക്‌സ് തുടങ്ങി വൈവിധ്യമാർന്ന നിരവധി മികച്ച  പരിപാടികളിലൂടെ മറ്റ് ദൃശ്യ ശ്രവ്യ നവമധ്യങ്ങളോട് മത്സരിച്ച് മുൻപന്തിയിൽ നിൽക്കുന്നു.
ന്യൂസ് ഓൺ എയർ ആപ്പ് വന്നതോടു കൂടി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ശ്രോതാക്കൾ മഞ്ചേരി ആകാശവാണിയുടെ ഫാൻസായി. ഫേസ്ബുക്ക്, ട്വിറ്റർ,ബ്ലോഗ് എന്നിവയിലൂടെ പതിനായിരക്കണക്കിന് ആളുകളാണ് മഞ്ചേരി ആകാശവാണിയെ പിൻതുടരുന്നത്.  
മധുരസംഭാഷണങ്ങളാൽ മാത്രം പരിചിതമായ റേഡിയോ താരങ്ങളുമായി  സംവദിക്കാൻ അവസരമൊരുക്കി ഈ വാർഷികത്തിന് കൂടുതൽ വർണ്ണചാർത്തേകിയിരിക്കുകയാണ് മഞ്ചേരി ആകാശവാണി.

Latest News