Sorry, you need to enable JavaScript to visit this website.

കൊറോണ: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈനയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും

ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍നിന്ന് പുറപ്പെടും. ഇതിന് ചൈന അനുമതി നല്‍കി. വുഹാനിലേക്കാണ് വിമാനം പോകുന്നത്.

ഏതു നിമിഷവും പുറപ്പെടാന്‍  വിമാനം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം നിരവധി ഇന്ത്യക്കാര്‍ വുഹാനിലുണ്ട്. ഇവരില്‍ മലയാളികളും ഉള്‍പ്പെടും.

നേരത്തെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചൈനയില്‍ നിന്ന്  ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയിരുന്നു.
പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനു പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്.
പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകള്‍ക്ക് പുറമെയാണിത്.

 

Tags

Latest News