Sorry, you need to enable JavaScript to visit this website.

ബ്രയാന്റ് -ഹെലിക്കോപ്റ്ററിനെ സ്‌നേഹിച്ച കളിക്കാരന്‍

ലോസ്ആഞ്ചലസ് - കാലിഫോര്‍ണിയയിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിനെ വെറുത്ത കളിക്കാരനായിരുന്നു കോബി ബ്രയാന്റ്. ഹെലിക്കോപ്റ്ററായിരുന്നു ബ്രയാന്റിന്റെ വാഹനം. ഒടുവില്‍ തന്റെ സികോര്‍സ്‌കി എസ്-76 ഹെലിക്കോപ്റ്ററില്‍ തന്നെയായി ഈ അതുല്യ കളിക്കാരന്റെ അന്ത്യം. ബ്രയാന്റിന്റെ അതുല്യപ്രതിഭയുടെ വിളയാട്ട ഭൂമിയായ ലോസ്ആഞ്ചലസിന് സമീപം നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ബ്രയാന്റും മകളുമുള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചത്. 
എന്‍.ബി.എ ആഗോള കായിക ബ്രാന്റായി കായികപ്രേമികളുടെ മനം കീഴടക്കിയതില്‍ ബ്രയാന്റിന്റെ പങ്ക് നിസ്തുലമാണ്. ബ്രയാന്റിന്റെ ആകസ്മിക മരണം കായികലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. ലോസ് ആഞ്ചലസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ കലബസാസിനടുത്താണ് അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ പത്തോടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാന്ത മോണിക്ക മലനിരകളുടെ താഴെ കാല്‍ ഏക്കറോളം പ്രദേശത്ത് അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നു. ഹെലിക്കോപ്റ്ററില്‍ ബ്രയാന്റും പതിമൂന്നുകാരി മകള്‍ ജിയാനയുമുണ്ടെന്ന് സ്ഥിരീകരിച്ചത് എന്‍.ബി.എ കമ്മീഷണര്‍ ആഡം സില്‍വറാണ്. ബ്രയാന്റിന്റെ ഭാര്യ വനീസയെ അദ്ദേഹം അനുശോചനമറിയിച്ചു. ഐതിഹാസിക നേട്ടങ്ങള്‍ക്കുടമയായ അത്യസാധാരണ കളിക്കാരനായിരുന്നു ബ്രയാന്റെന്ന് സില്‍വര്‍ പറഞ്ഞു. ലോകമെങ്ങുമുള്ള കായിക താരങ്ങളും കലാകാരന്മാരും രാഷ്ട്രീയക്കാരും അനുശോചനത്തില്‍ പങ്കുചേര്‍ന്നു.  
ജിയാനയുടെ സഹതാരങ്ങളും ചിലരുടെ രക്ഷിതാക്കളുമാണ് കൂടെയുണ്ടായിരുന്നത്. 


 

Latest News