Sorry, you need to enable JavaScript to visit this website.

വീട്ടുവേലക്കാരിയെ കൊന്ന കുവൈത്തികൾക്ക് വധശിക്ഷ നൽകണമെന്ന് ഫിലിപ്പൈൻസ്

മനില - കുവൈത്തിൽ ഫിലിപ്പിനോ വീട്ടുവേലക്കാരിയെ കൊന്ന കേസിൽ പ്രതികളായ രണ്ടു കുവൈത്തി പൗരന്മർക്ക് വധശിക്ഷ നൽകണമെന്ന് ഫിലിപ്പൈൻസ് വിദേശകാര്യ മന്ത്രി തിയോഡർ ലൊക്‌സൈൻ ആവശ്യപ്പെട്ടു. ഫിലിപ്പിനോ വീട്ടുവേലക്കാരിയായ ജാൻലേൻ ബാർഡിനലിനെ ക്രൂരമായി കൊന്ന കേസിൽ ദിയ സ്വീകരിക്കാൻ ഫിലിപ്പൈൻസ് ഒരുക്കമല്ല. പ്രതികൾ ഇനി ജീവിക്കാൻ പാടില്ല. ഇക്കാര്യം കേസ് നടത്തുന്ന അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. ദിയ ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കളെ വിദേശകാര്യ മന്ത്രാലയത്തിലെ ആരും സമീപിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും. രക്തത്തിന് രക്തം മാത്രമാണ് ഫിലിപ്പൈൻസ് ആവശ്യപ്പെടുന്നത്. വേലക്കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെ ഹാളിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികളുടെ കാര്യത്തിൽ നീതി നടപ്പാക്കുമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയതായി  കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്തു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും കുവൈത്ത് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. എന്നാൽ ഫിലിപ്പൈൻസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന അതിര് കടന്നതാണെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ഇകഴ്ത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു. കുവൈത്തിൽ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും -മന്ത്രാലയ വക്താവ് പറഞ്ഞു.

Tags

Latest News