Sorry, you need to enable JavaScript to visit this website.

ആടുജീവിതത്തിന് വിട, ജ്ഞാനപ്രകാശിന്റെ ജീവിതത്തിൽ പ്രകാശം

ദമാം- ഒന്നര വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ തമിഴ്‌നാട് സേലം കല്ലക്കുറുച്ചി സ്വദേശി ജ്ഞാന പ്രകാശ്്്് നാട്ടിലേക്കു മടങ്ങി. റിയാദിനു സമീപം റബ്ബയിൽ ഡ്രൈവർ ജോലിക്കെത്തിയ ഇദ്ദേഹത്തെ സ്‌പോൺസർ മരുഭൂമിയിൽ യാതൊരു മുൻ പരിചയവുമില്ലാത്ത ആട്ടിടയൻ ജോലിക്ക് നിയോഗിക്കുകയായിരുന്നു. നൂറുക്കണക്കിന് ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലി നൽകിയ ജ്ഞാന പ്രകാശിന് താമസിക്കാൻ കീറിപ്പൊളിഞ്ഞ ഒരു ടെന്റാണ് നൽകിയത്. അവിടെ വെള്ളവും മാസങ്ങളോളം പഴക്കമുള്ള കുബൂസും കഴിച്ചാണ് കഴിഞ്ഞു കൂടിയത്. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ക്യാമ്പ് മാറ്റും. ഒട്ടും ജനവാസമില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടു പോയ ഇദ്ദേഹം ആറ് മാസം കഴിഞ്ഞാണ് ഒരാളെ കണ്ടത്. രുചിമാറി ഭക്ഷണം കഴിച്ചതും ആ ദിവസമായിരുന്നു. സ്‌പോൺസർക്ക് നിരവധി ഫാമുകളുണ്ടെന്നും അവിടങ്ങളിലെല്ലാം എതെല്ലാമോ രാജ്യക്കാരായ ആളുകളുണ്ടെന്നും ദിവസങ്ങളോളം നീണ്ട കാൽനട യാത്രക്ക് ശേഷമാണ് അവിടെ എത്തുകയെന്നും ഇദ്ദേഹം പറയുന്നു. അപ്പോഴേക്കും അവിടെയുള്ള ആളെ പരസ്പരം കാണാതെ മാറ്റിയിരിക്കും. കാലാവസ്ഥ തരണം ചെയ്യുന്നതിന് വേണ്ട ഒരു ക്രമീകരണവും സ്‌പോൺസർ നൽകിയിരുന്നില്ല. തണുപ്പ് വന്നാൽ ഒട്ടകങ്ങൾക്കും ആടുകൾക്കും നൽകുന്ന ഭക്ഷണത്തിന്റെ ചാക്കുകൾ കൊണ്ടാണ് മൂടി പുതച്ചിരുന്നത്. കടുത്ത ചൂടിൽ ശരീരമാസകലം പൊള്ളുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഇദ്ദേഹം പറയുന്നു. നാടുമായി ബന്ധപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ഇവിടെനിന്നും രക്ഷപ്പെട്ടതിന് ശേഷമാണ് ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ഇതിനിടെ അച്ഛനും അമ്മയും മരണപ്പെട്ട വിവരം പോലും അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ജ്ഞാനപ്രകാശ് പറഞ്ഞു. 
യാതൊരു പരിചയവുമില്ലാത്ത തന്നെ കൊണ്ട് ആടുകളെയും ഒട്ടകങ്ങളെയും നിർബന്ധിപ്പിച്ച് പാൽ കറപ്പിക്കുകയും നിരവധി തവണ ഒട്ടകങ്ങളുടെ ചവിട്ടേറ്റ് തെറിച്ചു വീണതായും ഇദ്ദേഹം പറയുന്നു. ഒട്ടകങ്ങളെ കൊണ്ട് പ്രജനനം ചെയ്യിക്കുന്ന ജോലി കൂടി നൽകിയതോടെ നിരവധി തവണ ഒട്ടകങ്ങളുടെ മാരകമായ പ്രഹരം ഏൽക്കേണ്ടി വന്നു. ഈ സമയത്ത് സ്‌പോൺസറുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും മർദനവും കൂടിയാവുമ്പോൾ സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴോ എട്ടോ ജോലി സ്ഥലങ്ങൾ മാറി മാറി കഴിഞ്ഞു. അവസാനം എത്തിപ്പെട്ട അതിദുർഘടമായ മരുഭൂമിക്കകത്ത് ഏകദേശം ഒരു മാസത്തോളം വെള്ളം മാത്രം കഴിച്ചു കൂട്ടേണ്ടി വന്നു. സഹികെട്ടതോടെ ഒരു ദിവസം മരുഭൂമിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ നടന്നു. നാലു ദിവസങ്ങൾക്കു ശേഷം ആളൊഴിഞ്ഞ റോഡിൽ എത്തിപ്പെട്ടപ്പോൾ അതുവഴി വന്ന അറബ് വംശജൻ അവശനായ ഇദ്ദേഹത്തെ ദമാമിൽ എത്തിക്കുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണം നൽകി ദമാം സീക്കോക്ക് സമീപം എത്തിക്കുകയും അവിടെ കൂടിയ ഇന്ത്യക്കാരായ ചിലയാളുകൾ ചേർന്ന് സാമൂഹ്യ പ്രവർത്തകൻ വെങ്കിടെഷിനെ ബന്ധപ്പെടുകയും അങ്ങനെ മോചനത്തിനുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. വെങ്കിടേഷ്്് ഇദ്ദേഹത്തിന് താമസം ഒരുക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് തർഹീലിൽ എത്തിച്ചു മേധാവിയെ കണ്ടു വിഷയങ്ങൾ അവതരിപ്പിച്ചു. തർഹീൽ മേധാവി എക്‌സിറ്റ് നൽകുകയായിരുന്നു.
 

Tags

Latest News