Sorry, you need to enable JavaScript to visit this website.

പടിയിറക്കിയ പുട്ടും കടലയും റെയിൽവേ മെനുവിൽ തിരിച്ചെത്തി

ന്യൂദൽഹി- മലയാളികളുടെ അതിരൂക്ഷമായ എതിർപ്പും പ്രതിഷേധവും കണക്കിലെടുത്ത് റെയിൽവേ മെനുവിൽ പുട്ടും പഴംപൊരിയും അടക്കമുള്ള കേരളീയ വിഭവങ്ങൾ പുനഃസ്ഥാപിച്ച് പരിഷ്‌കരിച്ച പട്ടികയിറക്കി. കേരളീയ ഭക്ഷണ ശീലത്തിൽ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല, പഴംപൊരി തുടങ്ങിയ സാധനങ്ങൾ മെനുവിൽനിന്ന് റെയിൽവേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നത്. 
വിഷയത്തിൽ ഇടപെട്ട എറണാകുളം എം.പി ഹൈബി ഈഡൻ കേരളത്തിന്റെ പ്രതിഷേധം ഐ.ആർ.സി.ടി.സി ചെയർമാന്റെ ശ്രദ്ധയിൽ പെടുത്തി. ഐ.ആർ.സി.ടി.സി അധികൃതർ ഇന്നലെ ഹൈബിയുടെ വീട്ടിലെത്തിയാണ് കേരള വിഭവങ്ങൾ ട്രെയിനുകളിൽ വീണ്ടും വിളമ്പും എന്ന സന്തോഷ വാർത്ത അറിയിച്ചത്. പുട്ടിനും പഴംപൊരിക്കും അപ്പത്തിനും പുറമേ മീൻകറി കൂടി ഉൾപ്പെടുത്തിയാണ് കേരളത്തെ റെയിൽവേ ഇത്തവണ സന്തോഷിപ്പിച്ചിരിക്കുന്നത്. 
ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണശാലകളിൽനിന്ന് കേരള വിഭവങ്ങൾ നീക്കം ചെയ്തും പകരം വടക്കേ ഇന്ത്യൻ പലഹാരങ്ങൾ ഉൾപ്പെടുത്തിയുമായിരുന്നു റെയിൽവേയുടെ പാചക പരീക്ഷണം. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്‌മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും നിരക്കും അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. 
പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവക്ക് പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോട എന്നിവയാണ് വിളമ്പാൻ തീരുമാനിച്ചത്. അതേസമയം ഉഴുന്നുവടയും പരിപ്പു വടയും പേരിനു നിലനിർത്തുകയും ചെയ്തു. മീൽസ് വിഭാഗത്തിൽ ഉത്തരേന്ത്യൻ വിഭവങ്ങളായ രാജ്മ ചാവൽ, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു പരിഷ്‌കാരം. എന്നാൽ, ഉത്തരേന്ത്യൻ ഭക്ഷണശീലങ്ങൾ മലയാളികളുെട മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം സാംസ്‌കാരിക ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നത്.
 

Tags

Latest News