Sorry, you need to enable JavaScript to visit this website.

മംഗളൂരു വിമാനതാവളത്തിൽ ബോംബ് വെച്ച ആദിത്യറാവുവിന് മാനസിക രോഗമെന്ന് പോലീസ്

ബംഗളുരു- മംഗളുരു വിമാനതാവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത്. മണിപ്പാല്‍ കെഎച്ച്ബി കോളനി സ്വദേശിയാണ് ഈ മുപ്പത്തിയാറുകാരന്‍. ഇന്ന് രാവിലെ എട്ട് മണിയോടെ ബംഗളുരുവിലെ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ്  കീഴടങ്ങിയത്. ഹാലാസുര്‍ഗേറ്റ് പോലിസ് അദേഹത്തെ ചോദ്യം ചെയ്യുകയാണ്. അതേസമയം 2018ല്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനതാവളത്തില്‍  സെക്യൂരിറ്റി ഓഫീസര്‍ ജോലി ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് ഇയാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടക വസ്തുക്കളുള്ള ബാഗ് വിമാനതാവളത്തില്‍ ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ വെച്ച ശേഷം ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. കര്‍ണാടകയിലെ എയര്‍പോര്‍ട്ടുകളില്‍ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികളും പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.

 പൊട്ടിത്തെറിക്കാത്ത എന്നാൽ, പരിശീലനം ലഭിച്ചയാൾക്ക് പൊട്ടിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഇത് ഇന്നലെ വൈകീട്ട് അഞ്ചരയോടെ അധികൃതർ നിർവ്വീര്യമാക്കി. കെഞ്ചാറിലെ  ആളൊഴിഞ്ഞ മൈതാനിയിൽ എത്തിച്ചാണ് വിദഗ്ധ സംഘം നിർവ്വീര്യമാക്കിയത്. 
ഗ്രൗണ്ടിന്റെ നടുവിൽ മണൽ നിറച്ച ചാക്കുകൾ അട്ടിയിട്ട ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് ബോംബ് അതിൽ നിക്ഷേപിച്ചു റിമോട്ട് കൺട്രോൾ കൊണ്ട് പൊട്ടിച്ചു കളയുകയായിരുന്നു.

ഉഗ്രശബ്ദമുള്ള സ്‌ഫോടനത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെർമിനലിൽ യാത്രക്കാരെ സഹായിക്കാനായി പ്രവർത്തിക്കുന്ന എയർപോർട്ട് ടെർമിനൽ മാനേജർ (എടിഎം) കൗണ്ടറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. അതേദിവസം വൈകുന്നേരം മംഗളുരു -ഹൈദരാബാദ് ഇൻഡിഗോ എയർലൈൻസ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പും ബോംബ് ഭീഷണിയുണ്ടായി. വിമാനത്തിൽ ബോംബ് വെച്ചതായാണ് ഫോൺ സന്ദേശം ലഭിച്ചത്. എയർ ട്രാഫിക് കൺട്രോൾ ഓഫീസിൽ ആണ് അജ്ഞാത ഫോൺ സന്ദേശം കിട്ടിയത്. ഉടൻ തന്നെ വിമാനത്താവളം മുഴുവൻ അരിച്ചു പെറുക്കി. 

Latest News