Sorry, you need to enable JavaScript to visit this website.

സൗദി എണ്ണ കയറ്റുമതിയിൽ 4.4 ശതമാനം വളർച്ച

റിയാദ് - നവംബറിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ 4.4 ശതമാനം വളർച്ച കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ സൗദിയുടെ പ്രതിദിന എണ്ണ കയറ്റുമതി 73.7 ലക്ഷം ബാരലായി വർധിച്ചു. ഒക്‌ടോബറിൽ ഇത് 70.6 ലക്ഷം ബാരലായിരുന്നു. എന്നാൽ നവംബറിൽ സൗദിയുടെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ 4,12,000 ബാരലിന്റെ കുറവുണ്ടായി. പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം 98.9 ലക്ഷം ബാരലായിരുന്നു. നവംബറിൽ ക്രൂഡ് ഓയിൽ കരുതൽ സംഭരണത്തിലും 10.7 ലക്ഷം ബാരലിന്റെ കുറവുണ്ടായി. 
നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം സൗദിയുടെ പക്കലുള്ള ക്രൂഡ് ഓയിൽ കരുതൽ ശേഖരം 16.7 കോടി ബാരലാണ്. ഈ വർഷം ആദ്യ പാദത്തിൽ ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക്കും സംഘടനക്ക് പുറത്തുള്ള സഖ്യരാജ്യങ്ങളും തീരുമാനിച്ചിരുന്നു. അതേസമയം, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും അടുത്ത മാർച്ചിൽ യോഗം ചേരുമെന്ന് ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിൻഡോ പറഞ്ഞു. 
മധ്യപൗരസ്ത്യ ദേശത്ത് സംഘർഷം മൂർഛിച്ചത് പെട്രോൾ ഉൽപാദനത്തെ കുറിച്ച ഭീതി വർധിപ്പിച്ചിട്ടുണ്ട്. ലിബിയയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ച് നികത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഫലമായി നിലവിലെ സംഘർഷങ്ങൾ ആഗോള എണ്ണ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തില്ല എന്നും പ്രതീക്ഷിക്കപ്പെടുന്നു. ആഭ്യന്തര സംഘർഷങ്ങൾ മൂലം തെക്കുപടിഞ്ഞാറൻ ലിബിയയിലെ രണ്ടു എണ്ണപ്പാടങ്ങളിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ഉൽപാദനം നിർത്തിവെച്ചിട്ടുണ്ട്. സൗദി-കുവൈത്ത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനവുമായി ബന്ധപ്പെട്ട് അഞ്ചു വർഷമായി നിലനിന്ന തർക്കം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും ഒപ്പുവെച്ച പുതിയ കരാർ ന്യൂട്രൽ സോണിലെ രണ്ടു എണ്ണപ്പാടങ്ങളിൽ ഉൽപാദനം പുനരാരംഭിക്കുന്നതിന് അനുവദിക്കുന്നു. ആഗോള എണ്ണയുൽപാദനത്തിന്റെ അര ശതമാനം ഉൽപാദിപ്പിക്കുന്നതിന് സൗദി-കുവൈത്ത് അതിർത്തിയിലെ രണ്ടു എണ്ണപ്പാടങ്ങൾക്ക് സാധിക്കും. 
ഈ വർഷം ആഗോള തലത്തിൽ എണ്ണക്കുള്ള പ്രതിദിന ആവശ്യത്തിൽ 11 ലക്ഷം ബാരലിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിൽ ഈ വർഷം എണ്ണ ലഭ്യതയിൽ പ്രതിദിനം 1,90,000 ബാരൽ തോതിൽ മിച്ചമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
 

Tags

Latest News