Sorry, you need to enable JavaScript to visit this website.

മലപ്പുറം - വളർച്ചയുടെ മറുപുറം 

ദ ഇക്കണോമിസ്റ്റിന്റെ സർവേ ഫലം മലപ്പുറത്തിന് സാധ്യതകളുടെ ലോകം തുറക്കുന്നതോടൊപ്പം ആത്മപരിശോധനക്കും വഴി തുറക്കുന്നുണ്ട്. വർധിച്ചു വരുന്ന ജനസംഖ്യയും തൊഴിലാളികളുടെ സാധ്യതകളും സ്വകാര്യ മേഖലയിൽ പുതിയ സംരംഭങ്ങൾക്കും വികസന പദ്ധതികൾക്കും സഹായകമാണ്. അതേ സമയം കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പ്രദേശത്തിന്റെ പ്രാദേശികമായ ഭക്ഷ്യസുരക്ഷയെ അപകടകരമായ വിധത്തിൽ ബാധിക്കുന്നതാണ് കാർഷിക മേഖലയുടെ തളർച്ച. ഈ സർവേ ഫലം കാർഷിക മേഖലയിൽ ഉയരുന്ന വെല്ലിവിളികളികളെ കുറിച്ച് നഗരവാസികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

ലോകത്തെ തന്നെ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ മലപ്പുറമാണ് ഒന്നാമത് എന്ന വിസ്്മയിപ്പിക്കുന്ന സർവേ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന നഗരപ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മൂന്നു നഗരങ്ങളാണുള്ളത്. ഇന്നും പിന്നോക്ക ജില്ലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറത്ത് നാമറിയാതെ ഇത്തരത്തിലൊരു വളർച്ച നടക്കുന്നുണ്ട് എന്ന് സർവേയിലൂടെ കണ്ടെത്തിയത് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റിന്റെ സഹോദര സ്ഥാപനമായ ദ ഇക്കണോമിക് ഇന്റലിജൻസ് യൂനിറ്റാണ്. അതിവേഗം നഗരവൽക്കരണം നടക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ മൂന്നെണ്ണം കേരളത്തിലാണെന്ന പ്രത്യേകതയും ഈ സർവേയുടെ കണ്ടെത്തലുകളിലുണ്ട്. ലോകത്തിൽ തന്നെ മലപ്പുറത്ത് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ കോഴിക്കോട് നഗരത്തിന് നാലാം സ്ഥാനവും കൊല്ലത്തിന് പത്താം സ്ഥാനവുമുണ്ട്. വിയറ്റ്‌നാം നഗരമായ കാൻതോ രണ്ടാം സ്ഥാനത്തും ചൈനയിലെ സുഖ്്‌യാൻ നഗരം നാലാം സ്ഥാനത്തും നിൽക്കുന്നു.
നഗരങ്ങളുടെ വളർച്ച കണ്ടെത്താൻ ദ ഇക്കണോമിക് ഇന്റലിജൻസ് യൂനിറ്റ് അവലംബിച്ച മാനദണ്ഡങ്ങൾ പലതാണ്. അതിൽ പ്രധാനം വളരുന്ന ജനസംഖ്യയും കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റവുമാണ്. ഈ രണ്ട് ഘടകങ്ങളെ പരിശോധിക്കുമ്പോൾ മലപ്പുറത്തിന്റെ നേട്ടം ഒരേ സമയം ആശാവഹവും നിരാശാജനകവുമാണ്. ജനസംഖ്യാ വർധനയടെ പേരിൽ വിമർശിക്കപ്പെടുന്ന പ്രദേശമാണ് മലപ്പുറം. എന്നാൽ ജനസംഖ്യാ വർധനയിൽ കുടിയേറ്റക്കാരുടെ എണ്ണം പ്രധാനമാണ്. സർവേക്ക് അടിസ്ഥാനമാക്കിയ വർഷങ്ങളിൽ മലപ്പുറത്ത് 44 ശതമാനത്തിന്റെ ജനസംഖ്യാ വർധനയുണ്ടായതായാണ് സർവേയിൽ പറയുന്നത്. കോഴിക്കോട് നഗരത്തിൽ 34.5 ശമതാനത്തിന്റെയും കൊല്ലത്ത് 31.1 ശതമാനത്തിന്റെയും വർധനയാണ് കാണിക്കുന്നത്. ഈ കണക്കുകൾ നഗരങ്ങളിലെ മൊത്തം ജനസംഖ്യയിൽ പത്തു വർഷത്തിനിടെയുണ്ടായ വർധവനയാണ്. 2001 ൽ മലപ്പുറത്തെ ജനസംഖ്യ മൂന്നു ലക്ഷമായിരുന്നെങ്കിൽ 2011 ൽ അത് 16 ലക്ഷമായി വർധിച്ചതായി സർവേയിൽ പറയുന്നു.
തദ്ദേശീയമായ ജനസംഖ്യയിലുണ്ടായ വർധനയല്ല, മറിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം ഈ നഗരങ്ങളിൽ വൻതോതിൽ വർധിച്ച കാലയളവു കൂടിയാണിത്. 
നഗരവൽക്കരണത്തിൽ മലപ്പുറത്തിനുണ്ടായ ഈ നേട്ടത്തിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വർധിച്ചിട്ടുമുണ്ട്. മലപ്പുറത്ത് ജനനനിരക്ക് കൂടുന്നുവെന്ന തരത്തിലാണ് വിമർശനങ്ങൾ ഏറെയും. മുസ്്‌ലിം മതവിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്തി നടന്നു വരുന്ന വിമർശനങ്ങളുടെ തുടർച്ചയാണ് ഇത്. എന്നാൽ മലപ്പുറത്തെ കുടുംബങ്ങളിലുണ്ടായ ജനസംഖ്യാ വർധനയല്ല 44 ശതമാനം വളർച്ചക്ക് കാരണമെന്ന് കണക്കുകളിൽ നിന്ന് തെളിയുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ലക്ഷക്കണക്കിനായി താമസിക്കുന്ന പ്രദേശമാണ് മലപ്പുറം നഗരവും പ്രാന്തപ്രദേശങ്ങളും. അവർ കൂടി ഉൾപ്പെടുന്നതാണ് ഇന്നത്തെ മലപ്പുറത്തെ ജനസംഖ്യ എന്ന വിശദീകരണം സർവേയിൽ നൽകാതെ പോയത് തെറ്റിദ്ധാരണകൾക്ക് ഇടം നൽകിയിട്ടുണ്ട്. അതേസമയം, സാമൂഹ്യ ശാസ്ത്രജ്ഞരിൽ പലരും കുടിയേറ്റത്തെ കൂടി അടിസ്ഥാനമാക്കിയാണ് നഗരവൽക്കരണത്തെ വിശകലനം ചെയ്തിട്ടുള്ളത്.
ജനസംഖ്യയിലുണ്ടായ വർധന, പ്രത്യേകിച്ച് അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം, മലപ്പുറത്തിന്റെ ഭൗതികമായ വളർച്ചക്ക് സഹായിക്കുമെന്ന വിലയിരുത്തലുകളും ഈ സർവേയെ തുടർന്നുണ്ടായിട്ടുണ്ട്. നിർമാണ മേഖല, ഭക്ഷ്യ വിതരണ മേഖല, മറ്റു വ്യാപാര മേഖലകൾ എന്നിവിടങ്ങളിൽ ഈ ജനസംഖ്യാ പെരുപ്പം വളർച്ചക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. അതേ സമയം, ആരോഗ്യ മേഖല, കുടിവെള്ള മേഖലകളിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നതിനും ഇത് ഇടയാക്കും.
സർവേയിലെ കണ്ടെത്തൽ നിരാശാജനകമായി മാറുന്നത് കാർഷിക മേഖലയിലുണ്ടാകുന്ന വെല്ലിവിളി മൂലമാണ്. സർവേക്ക് അടിസ്ഥാനമായ ഒരു ഘടകം കാർഷിക മേഖലയിലെ ജനങ്ങളുടെ പങ്കാളിത്തമാണ്. ഒരു പ്രദേശത്തെ 75 ശതമാനം ജനങ്ങൾ കാർഷികേതര മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിൽ ആ പ്രദേശത്തെ നഗരമായി കണക്കാക്കുന്നതാണ് സർവേയുടെ രീതി. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാൽ മലപ്പുറം നഗരത്തിൽ കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റം വൻതോതിൽ വർധിച്ചതായി കാണാം. ഒരു കാലത്ത് നെൽകൃഷിയുൾപ്പെടെയുള്ള പരമ്പരാഗത കൃഷികൾക്ക് പ്രാമുഖ്യം നൽകിയിരുന്ന മലപ്പുറത്ത് ഇന്ന് കൃഷി കുറഞ്ഞു വരുന്നുവെന്നത് നഗര വളർച്ചയുടെ പ്രധാന കാരണമാണ്. നെൽവയലുകളും മറ്റു കാർഷിക ഭൂമികളും കെട്ടിട നിർമാണത്തിന് വഴിമാറിയതോടെ കാർഷിക മേഖല അപ്രത്യക്ഷമാകുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ വൻതോതിലുള്ള ഗൾഫ് കുടിയേറ്റവും ഗൾഫിൽ നിന്ന് തിരിച്ചെത്തിയവർ കാർഷിക മേഖലയിലേക്ക് ശ്രദ്ധ നൽകാത്തതും ഈ മാറ്റത്തിന് പ്രധാന കാരണവുമായി.
ദ ഇക്കണോമിസ്റ്റിന്റെ സർവേ ഫലം മലപ്പുറത്തിന് സാധ്യതകളുടെ ലോകം തുറക്കുന്നതോടൊപ്പം ആത്മപരിശോധനക്കും വഴി തുറക്കുന്നുണ്ട്. വർധിച്ചു വരുന്ന ജനസംഖ്യയും തൊഴിലാളികളുടെ സാധ്യതകളും സ്വകാര്യമേഖലയിൽ പുതിയ സംരംഭങ്ങൾക്കും വികസന പദ്ധതികൾക്കും സഹായകമാണ്. അതേ സമയം കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പ്രദേശത്തിന്റെ പ്രാദേശികമായ ഭക്ഷ്യ സുരക്ഷയെ അപകടകരമായ വിധത്തിൽ ബാധിക്കുന്നതാണ് കാർഷിക മേഖലയുടെ തളർച്ച. ഈ സർവേ ഫലം കാർഷിക മേഖലയിൽ ഉയരുന്ന വെല്ലിവിളികളികളെ കുറിച്ച് നഗരവാസികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
 

Tags

Latest News