Sorry, you need to enable JavaScript to visit this website.

പ്രായമേറിയ താരത്തെ  തോല്‍പിച്ച് ടൂര്‍ണമെന്റിലെ ബേബി

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഉദ്ഘാടന ദിനത്തില്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രായമേറിയ താരം വീനസ് വില്യംസിനെ പതിനഞ്ചുകാരി കോകോ ഗഫ്  അട്ടിമറിച്ചു. ആറു മാസം മുമ്പ് വിംബിള്‍ഡണിലും ആദ്യ റൗണ്ടില്‍ വീനസിനെ അട്ടിമറിച്ചാണ് ഗഫ് ലോക ശ്രദ്ധയിലേക്കു വന്നത്. ഓസ്‌ട്രേലിയന്‍ ഓപണിന്റെ മുഖ്യ റൗണ്ടില്‍ കളിക്കാന്‍ ആദ്യമായി അവസരം കിട്ടിയതിന്റെ പിരിമുറുക്കമൊന്നുമില്ലാതെ കളിച്ച ഗഫ് 7-6 (7-5), 6-3 ന് മുപ്പത്തൊമ്പതുകാരിയെ വീണ്ടും തോല്‍പിച്ചു. 
ഗഫ് ജനിക്കുമ്പോഴേക്കും വീനസ് നാല് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായിരുന്നു. ഗഫ് ലോക റാങ്കിംഗില്‍ 67 ാമതാണ്, മുന്‍ ഒന്നാം നമ്പറായ വീനസ് ഇപ്പോള്‍ 55 ാം റാങ്കും. ഗ്രാന്റ്സ്ലാമിന്റെ മുഖ്യ റൗണ്ടില്‍ 85 ാം തവണയാണ് വീനസ് കളിക്കുന്നത്, ഇത് റെക്കോര്‍ഡാണ്. ഗഫിന്റെ മൂന്നാം ഗ്രാന്റ്സ്ലാമാണ് ഇത്. 313 ാം റാങ്കുകാരിയാണ് ഗഫ് വിംബിള്‍ഡണ്‍ കളിച്ചത്. വിംബിള്‍ഡണിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ കളിക്കാരിയായ ഗഫ് പ്രി ക്വാര്‍ട്ടര്‍ വരെ എത്തിയ ശേഷമാണ് മടങ്ങിയത്. ചാമ്പ്യന്‍ സിമോണ ഹാലെപ്പിനോടാണ് തോറ്റത്. യു.എസ് ഓപണില്‍ മൂന്നാം റൗണ്ടിലെത്തി. 
വീനസിന്റെ അനുജത്തി സെറീന യുവ താരം അനസ്താസിയ പോടപോവയെ തകര്‍ത്തുവിട്ടു. 0-6, 3-6 നാണ് പതിനെട്ടുകാരി കീഴടങ്ങിയത്. റെക്കോര്‍ഡായ ഇരുപത്തിനാലാം ഗ്രാന്റ്സ്ലാമിനുള്ള ശ്രമത്തിലാണ് സെറീന. 2017 ലെ ഓസ്‌ട്രേലിയന്‍ ഓപണാണ് സെറീന അവസാനം ജയിച്ച ഗ്രാന്റ്സ്ലാം. 

Latest News