Sorry, you need to enable JavaScript to visit this website.

സൗദി അധ്യാപകര്‍ ചൈനീസ് ഭാഷ പഠിപ്പിക്കും; അധ്യാപികമാരെ ലഭിച്ചില്ല

റിയാദ് - തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ചൈനീസ് ഭാഷാ പഠനത്തിന് ഈയാഴ്ച തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്‌രി പറഞ്ഞു. എലിമെന്ററി രണ്ടാം ക്ലാസിലാണ് ചൈനീസ് ഭാഷ പഠിപ്പിക്കുക. ചൈനീസ് ഭാഷ പഠിക്കുന്നതിന് ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രജിസ്‌ട്രേഷന് ഈയാഴ്ച തുടക്കമാകും. ഐഛിക വിഷയമായാണ് ചൈനീസ് പഠിപ്പിക്കുന്നത്. 


രാജ്യത്തെ സ്‌കൂളുകളിൽ ചൈനീസ് പഠിപ്പിക്കുന്നതിനുള്ള ഭരണാധികാരികളുടെ നിർദേശം ലഭിച്ചതു മുതൽ ഇതിനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചിരുന്നു. ഈ ടേമിൽ എട്ടു സെക്കണ്ടറി സ്‌കൂളുകളിലാണ് ചൈനീസ് പഠിപ്പിക്കുന്നത്. റിയാദിൽ നാലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും ഈരണ്ടും വീതം സ്‌കൂളുകളിലാണ് ചൈനീസ് പഠനം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ചൈനീസ് പഠനം മൂല്യനിർണയ വിധേയമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ സെക്കണ്ടറി സ്‌കൂളുകളിലേക്കും ചൈനീസ് പഠനം എത്രമാത്രം വ്യാപിപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.  


നിലവിൽ ചൈനീസ് പഠിപ്പിക്കുന്ന അധ്യാപകർ സൗദിയായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിന് അധ്യാപകരെ തേടിയുള്ള പരസ്യം പ്രസിദ്ധീകരിച്ചതോടെ ഏതാനും സൗദി അധ്യാപകർ തൊഴിലവസരങ്ങൾ തേടി അപേക്ഷകൾ നൽകി. പെൺകുട്ടികളെ ചൈനീസ് പഠിപ്പിക്കുന്നതിന് അധ്യാപികമാർ ആരും തന്നെ മുന്നോട്ടുവന്നില്ല. ഇതാണ് നിലവിൽ ഗേൾസ് സ്‌കൂളുകളിൽ ചൈനീസ് പഠനം ഉൾപ്പെടുത്താതിരിക്കാൻ കാരണം. അടുത്ത വർഷം ഗേൾസ് സ്‌കൂളുകളിലും ചൈനീസ് പഠനം ഉൾപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. 


ചൈനീസ് പഠിപ്പിക്കുന്ന അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ചൈനീസ് പഠിപ്പിക്കുന്നതിന് തെരഞ്ഞെടുത്ത സ്‌കൂളുകളെ അക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാഠ്യപദ്ധതിയിൽ ചൈനീസ് ഉൾപ്പെടുത്തിയത് സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പുതിയ സാംസ്‌കാരിക, വിദ്യാഭ്യാസ, നാഗരിക അടയാളമാണ്. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്തുന്നതിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ശ്രമങ്ങളുടെ വിജയമാണിത് വ്യക്തമാക്കുന്നത്. ഭാവിയിലെ ലോക ഭാഷ ചൈനീസ് ആകുമെന്ന് കിരീടാവകാശി പറഞ്ഞിട്ടുണ്ടെന്നും ഇബ്തിസാം അൽശഹ്‌രി കൂട്ടിച്ചേർത്തു.
സ്‌കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണെന്ന് സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീഖിംഗ് പറഞ്ഞു. ചൈനീസ് പഠിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് അംബാസഡർ നന്ദി പറഞ്ഞു. ഭാവിയുടെ ഭാഷ ചൈനീസ് ആകുമെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കാഴ്ചപ്പാടിനെ വില മതിക്കുന്നു. സൗദിയിൽ വളർന്നുവരുന്ന പുതിയ തലമുറ ചൈനീസിൽ പ്രാവീണ്യമുള്ളവരും ചൈനീസ് സംസ്‌കാരം ഇഷ്ടപ്പെടുന്നവരും ആകണമെന്നാണ് പ്രത്യാശിക്കുന്നത് -അംബാസഡർ പറഞ്ഞു.
 

Tags

Latest News