Sorry, you need to enable JavaScript to visit this website.

പൗരത്വ വിഷയം കൊണ്ടുവന്ന് മോഡി പ്രതിപക്ഷ കക്ഷികളെ ട്രാപ്പിലാക്കി -ജയറാം രമേശ് 

കോഴിക്കോട്- പൗരത്വ വിഷയം കൊണ്ടുവന്ന് പ്രധാനമന്ത്രിയും ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളെ ട്രാപ്പിലാക്കിയെന്നും വളരെ ബുദ്ധിപരമായും കരുതലോടെയും നീങ്ങിയാലേ ഇതിനെ മറികടക്കാനാവൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ് പറഞ്ഞു.
പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പ്രസ്താവനക്കെതിരെയും അദ്ദേഹം രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു ഗുഹയുടെ പ്രസ്താവന. ബുദ്ധിജീവികളല്ല ജനപ്രതിനിധികളാണ് പാർലമെന്റ് അടക്കമുള്ളവയിലേക്ക് ആര് തങ്ങളുടെ പ്രതിനിധിയായി പോകണമെന്ന് തീരുമാനിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചതാണ് കേരള ജനത ചെയ്ത തെറ്റുകളിലൊന്നെന്ന പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴാണ് ജയറാം രമേശ് ഇങ്ങനെ പ്രതികരിച്ചത്.
കോഴിക്കോട്ട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിലെ സ്പീക്കേഴ്‌സ് ലോഞ്ചിൽ വെച്ച് മലയാളം ന്യൂസ് പ്രതിനിധിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നരേന്ദ്ര മോഡിയെയും അമിത് ഷായെയുമെല്ലാം തെരഞ്ഞെടുത്തത് ജനങ്ങൾ തന്നെയാണെന്ന് നാം അംഗീകരിച്ചേ തീരൂ. വയനാട്ടിലെ ജനങ്ങളാണ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തത്. ഇതൊരു യാഥാർഥ്യമാണ്. ജനാധിപത്യത്തിന്റെ സംഭാവനയാണ് ഹിറ്റ്‌ലറും മുസോളിനിയുമെന്ന ബി.ജെ.പി നേതാവ് രാം മാധവിന്റെ കമന്റ് പോലെ കണ്ടാൽ മതി രാമചന്ദ്ര ഗുഹയുടെ പ്രസ്താവനെയെയും. രാംമാധവും രാമചന്ദ്ര ഗുഹയും ഇക്കാര്യത്തിൽ ഒരേ രാമന്മാരാണെന്നും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡി ശൈലിയിലാണ് രാമചന്ദ്ര ഗുഹ സംസാരിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തെപ്പോലൊരാൾ മോഡിയെയും രാഹുലിനെയുമെല്ലാം താരതമ്യം ചെയ്യുക? വയനാട്ടിലെ ജനങ്ങൾ രാഹുലിനെ തെരഞ്ഞെടുത്തപ്പോൾ അമേത്തിയിലെ ജനങ്ങൾ രാഹുലിനെ തഴഞ്ഞില്ലേ? അടിസ്ഥാനപരമായി ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് ശക്തിയെന്നതാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ, എൻ.പി.ആർ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന അതേ പ്രാധാന്യത്തോടെ രാജ്യം ഒന്നാകെ നമ്മുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചും സംസാരിക്കണം. അതിന്റെ ദൂഷ്യഫലങ്ങൾ വരുംകാലത്ത് നാം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. പൗരത്വ വിഷയം  കൊണ്ടുവന്ന് പ്രധാനമന്ത്രിയും ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളെ ട്രാപ്പിലാക്കിയിരിക്കുകയാണ്. 
കാരണം രാജ്യത്തിന്റെ ജി.ഡി.പി വളർച്ച ദിനേന താഴോട്ട് പോകുന്നതിനെക്കുറിച്ച് ഈ ബഹളങ്ങൾക്കിടയിൽ ആരും സംസാരിക്കാതെ പോകുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒന്നും പറയാതെ കേന്ദ്ര സർക്കാർ രക്ഷപ്പെടുകയാണ്. കേരള നിയമസഭ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും പ്രസ്താവന ഇറക്കണമെന്നാണ് എന്റെ അഭിപ്രായം.
പൗരത്വ ഭേദഗതി നിയമത്തിൽ ഇനി രണ്ടു രീതിയിലാണ് പരിഹാരം. ഒന്ന്, ഇതിനെ മറികടക്കുവാൻ പുതിയ നിയമം കൊണ്ടുവരിക.രണ്ടാമത്, ഇതിനെതിരെ സുപ്രീം കോടതിയെ ഇടപെടുവിക്കുകയെന്നതാണെന്നും ഇത് സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
എന്നാൽ ഒന്നാമത്തെ പരിഹാരമുണ്ടാകണമെങ്കിൽ കോൺഗ്രസിനെപ്പോലുള്ള കക്ഷികൾ വലിയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ വരണം. പെട്ടെന്ന് ആ കാര്യം നടക്കില്ല എന്നതു കൊണ്ടാണ് തങ്ങളെപ്പോലുള്ളവർ ഈ ഭരണഘടനാ വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേരള നിയമസഭ സി.എ.എക്കെതിരെ പ്രമേയം പാസാക്കിയത് കേന്ദ്രത്തിനുള്ള ഒരു രാഷ്ട്രീയ സന്ദേശം നൽകലാണെന്നും കേന്ദ്രത്തിന്റെ അധികാര പരിധിയിലെ കോൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമായതിനാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഞാനൊരു വക്കീലും ഭരണഘടനാ വിദഗ്ധനുമല്ലെങ്കിലും അതിനെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും സംയുക്തമായി സി.എ.എക്കെതിരെ പ്രക്ഷോഭം നടത്തുന്നത് സ്വാഗതാർഹമായ കാര്യമാണ്. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. സാമുദായിക വേർതിരിവില്ലാതെ വിഷയത്തെ പൊതുജനമധ്യത്തിൽ കൊണ്ടുവന്ന് കേരളം ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ എപ്പോഴും കേരളത്തെ ഇത്തരം വിഷയങ്ങളിൽ സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് മലയാളികൾ തിരിച്ചറിയേണ്ടതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
പല പ്രാദേശിക കക്ഷികളും കുടുംബാധിപത്യത്തിന്റെ പിടിയിലാണെങ്കിലും മാറിയ സാഹചര്യത്തിൽ അവരുടെ സ്വാധീനം തള്ളിക്കളയാനാകില്ലെന്ന് ഇത് സംബന്ധമായ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇവരേക്കാൾ എന്തുകൊണ്ടും കോൺഗ്രസിനെപോലുള്ള കക്ഷികൾ അധികാരത്തിൽ വരുന്നതാണ് നല്ലത്. ഒന്നാം യു.പി.എ സർക്കാരിനെ പോലെ ഈ തെരഞ്ഞെടുപ്പിലും ഒരു കോമൺ മിനിമം പ്രോഗ്രാം (സി.എം.പി) ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ബി.ജെ.പിയുടെ മുന്നേറ്റം ഉണ്ടാകുമായിരുന്നില്ലെന്നും ന്യൂദൽഹിയിൽ വീണ്ടും ഒറ്റയ്ക്ക് കോൺഗ്രസ് അധികാരത്തിൽ വരികയെന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News