Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഫുഡിന് പ്രിയമേറി; കഴിഞ്ഞ വർഷത്തെ ഓർഡർ നാലര ബില്യൺ റിയാൽ 

റിയാദ്- ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനങ്ങൾക്ക് സൗദി അറേബ്യയിൽ പ്രിയമേറുന്നു. കഴിഞ്ഞ വർഷം 4.5 ബില്യൺ റിയാലിന്റെ ഭക്ഷണമാണ് രാജ്യത്ത് ഓൺലൈനിൽ ഓർഡർ ചെയ്തത്. ഈ വർഷം ഇതിൽ 26 ശതമാനം വർധനയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിസിസി രാജ്യങ്ങളിൽ ഓൺലൈൻ ഫുഡ് ഓർഡർ  ഏറ്റവുമധികം സൗദി അറേബ്യയിലാണ്. നേരിട്ട് റസ്‌റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് 61 ശതമാനവും ഓൺലൈൻ വഴി 39 ശതമാനവുമാണ്. 2023 ഓടെ ഇത് 13 ശതമാനം വർധിച്ച് 1.9 ബില്യൺ ഡോളർ വരുമാനമുണ്ടാക്കുമെന്നാണ് സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയ സർവേയിൽ വ്യക്തമാക്കുന്നത്. 2018ൽ 6.1 മില്യൺ പേരാണ് ഓൺലൈൻ ഉപഭോക്താക്കളായി ഉള്ളത്. ഈ വർഷം ഇത് 26 ശതമാനമായി വർധിക്കും. അതേസമയം ഓൺലൈൻ ഫുഡ് ഡെലിവറി ജോലികൾ പൂർണമായും സ്വദേശിവൽക്കരിക്കാനുള്ള നീക്കം തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത വകുപ്പ് തുടങ്ങി. 
ആപ്ലിക്കേഷൻ ഉടമക്ക് ഉപഭോക്താക്കൾ റസ്‌റ്റോറന്റുകളിൽ നൽകുന്നതിന്റെ യഥാർഥ വിലയുടെ 15 മുതൽ 25 ശതമാനം വരെ ഓൺലൈൻ ഡെലിവറിക്ക് നൽകേണ്ടതുണ്ട്. ബാക്കി സംഖ്യ ഭക്ഷ്യസാധനം എത്തിക്കുന്നവർക്കും നൽകണം. സൗദി അറേബ്യയിൽ വിനോദ മേഖലയെ പ്രോത്സാഹിക്കുന്ന ഏറ്റവും നല്ല മേഖലയാണ് ഓൺലൈൻ ഫുഡ് ഡെലിവറിയെന്ന് റസ്റ്റോറന്റ് ഉടമയായ ആദിൽ മക്കി പറഞ്ഞു. 
ആപ്ലിക്കേഷനുകൾ രംഗത്തെത്തിയതോടെ ജനങ്ങളുടെ വാങ്ങൽ ശീലം വർധിച്ചുവെന്നും അതുവഴി കൂടുതൽ യുവാക്കൾക്ക് ജോലി ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു. വിൽപന വർധനക്കായി രാജ്യത്തെ മിക്ക റസ്റ്റോറന്റുകളും ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുമായി കരാറൊപ്പു വെച്ചിരിക്കുകയാണെന്നും ഈ ആപുകൾ ഉപഭോക്താക്കൾക്ക് സമയലാഭമുണ്ടാക്കാൻ സഹായിച്ചതായും  ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഫുഡ്സ്റ്റഫ് സമിതി വിഭാഗം മേധാവി നായിഫ് അൽശംരി അഭിപ്രായപ്പെട്ടു.
ഒഴിഞ്ഞ സമയവും ഒരു കാറുമുണ്ടെങ്കിൽ ആർക്കും ഈ ജോലി ചെയ്യാമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സൗദി യുവാവ് മുഹമ്മദ് അബ്ദുല്ല പറഞ്ഞു. സാധാരണ ഡെലിവറിക്ക് 16 റിയാലാണ് ഈടാക്കുന്നത്. എന്നാൽ ഭക്ഷണത്തിന്റെ തോതനുസരിച്ചും ദൂരമനുസരിച്ചും അതിൽ വർധനയുണ്ടാകും. കമ്പനികൾ തമ്മിലുള്ള മത്സരം ഉപഭോക്താക്കൾക്കും ഡെലിവറിക്കാർക്കും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദേശികൾ ധാരാളം ജോലി ചെയ്യുന്ന ഈ മേഖല പൂർണമായും സൗദിവൽക്കരിക്കണമെന്ന് മറ്റൊരു സൗദി യുവാവ് അഹമ്മദ് അൽമാലികി ആവശ്യപ്പെട്ടു.
 

Tags

Latest News