Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദേശ നിക്ഷേപത്തിൽ വൻ വർധന; ഇന്ത്യൻ കമ്പനികൾ മുന്നിൽ

റിയാദ്- പോയ വർഷം സൗദി അറേബ്യയിൽ വൻതോതിൽ വിദേശ നിക്ഷേപം എത്തിയതായി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ആഗോള നിക്ഷേപ സംഗമം അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചതിനാൽ 2018 നേക്കാൾ 2019 ൽ വിദേശ നിക്ഷേപത്തിൽ 54 ശതമാനം വർധന രേഖപ്പെടുത്തി. 1130 പുതിയ കമ്പനികൾക്കാണ് അതോറിറ്റി മുഖേന ലൈസൻസ് നൽകിയത്.
സൗദിയിൽ നിക്ഷേപത്തിന് തയാറായതിൽ ഇന്ത്യൻ കമ്പനികളാണ് മുന്നിൽ. തൊട്ടടുത്ത് അമേരിക്ക, ചൈന, ബ്രിട്ടൺ, ഫ്രാൻസ്, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുമുണ്ട്. 
വ്യവസായം, നിർമാണം, ടെലി കമ്യൂണിക്കേഷൻ, വിവരസാങ്കേതിക വിദ്യ എന്നീ അടിസ്ഥാന വികസന മേഖലകളിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം 193 നിർമാണ കമ്പനികൾ, 190 വ്യവസായ സ്ഥാപനങ്ങൾ, 178 ഐ.ടി കമ്പനികൾ എന്നിവയാണ് സൗദി വിപണിയിലേക്ക് പ്രവേശിച്ചത്.
2018 ൽ 30 ഇന്ത്യൻ കമ്പനികൾ സൗദിയിലെത്തിയപ്പോൾ 2019 ൽ അത് 140 ആയി ഉയർന്നു. 100 ബ്രിട്ടീഷ് കമ്പനികളും 82 അമേരിക്കൻ കമ്പനികളും ഇക്കാലയളവിൽ സൗദിയിലെത്തി. കഴിഞ്ഞ വർഷം അവസാന പാദത്തിലാണ് നിക്ഷേപ രംഗത്ത് മാറ്റങ്ങൾ പ്രകടമായത്. 2018 ൽ 238 കമ്പനികളുടെ സ്ഥാനത്ത് 2019 ൽ 305 കമ്പനികളാണ് സൗദിയിൽ നിക്ഷേപം നടത്തിയത്.
സ്വകാര്യ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിപ്പിക്കുന്നതിനാൽ രാജ്യം വലിയ സാമ്പത്തിക വളർച്ചയിലേക്ക് മുന്നേറുകയാണെന്ന് ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ എൻജിനീയർ ഇബ്രാഹീം അൽഉമർ പറഞ്ഞു. സാങ്കേതിക വിദ്യയിൽ സൗദിവക്കരണവും വിവര കൈമാറ്റവും തൊഴിലവസരം സൃഷ്ടിക്കലുമാണ് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വഴി അതോറിറ്റി ആഗ്രഹിക്കുന്നത്. 
30 ശതമാനം വിദേശ നിക്ഷേപകരും ദേശീയ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അത് കാരണം പ്രാദേശിക നിക്ഷേപകരും കൂടുതൽ പണമിറക്കാൻ തയാറാകുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും ലോകാടിസ്ഥാനത്തിൽ തന്നെ അതിവേഗം വളർച്ച നേടുന്ന രാജ്യമായി മാറിയെന്നും ലോക ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.
 

Tags

Latest News