Sorry, you need to enable JavaScript to visit this website.

പിതാവിനെ കണ്ട നിർവൃതിയിൽ  നിറകണ്ണുകളോടെ സക്കീർ ഹുസൈൻ മടങ്ങി

സക്കീർ ഹുസൈൻ പിതാവിനെ കണ്ട ശേഷം ജിസാനിലെ സാമൂഹ്യ പ്രവർത്തകരോടും ബന്ധുക്കളോടുമൊപ്പം. 

ജിസാൻ- കാൻസർ രോഗം തളർത്തിയിട്ടും അതുവകവക്കാതെ ജിസാനിലെ ജയിലിൽ കഴിയുന്ന പിതാവിനെ കാണണമെന്ന അതിയായ ആഗ്രഹം സഫലമായ നിർവൃതിയിലാണ് സക്കീർ ഹുസൈൻ. സാമൂഹ്യപ്രവർത്തകൻ ഹാരിസ് കല്ലായിയുടെ ഇടപെടലിനെത്തുടർന്ന് ജയിൽ മേധാവി ഫൈസൽ അബ്ദുല്ല സഅദിയുടെ സഹകരണത്തോടെയാണ് വീൽ ചെയറിലെത്തിയ സക്കീർ ഹുസൈൻ പിതാവിനെ കൺനിറയെ കണ്ടത്. സുഹൃത്തുക്കളുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സക്കീർ ഹുസൈന്റെ പിതാവ് നീലഗിരി ജില്ലയിലെ ദേവർ ശോല സ്വദേശി സെയ്ദ് സലീം കൊടുവാലി നാലു വർഷമായി ജയിലിൽ കഴിയുന്നത്. ശിക്ഷാ കാലാവധി അവസാനിച്ചെങ്കിലും നിയമ കുരുക്ക് ഇനിയും നീങ്ങാത്തതിനാലാണ് ജയിൽ മോചിതനാവാൻ കഴിയാതെ സെയ്ദ് സലീം ജയിലിൽ കഴിയുന്നത്. 
കാലിനും ശ്വാസകോശത്തിനും കാൻസർ ബാധിച്ച് ശാരീരികമായി ഏറെ തളർന്നുവെങ്കിലും സക്കീർ ഹുസൈന്റെ മനോധൈര്യവും പിതാവിനെ കാണണമെന്ന അടങ്ങാത്ത ആഗ്രഹവുമാണ് കിലോമീറ്ററുകൾ താണ്ടി നാട്ടിൽനിന്നും സൗദിയിലെത്താൻ ഈ പതിനാലുകാരനെ പ്രേരിപ്പിച്ചത്. രോഗാവസ്ഥയിലും വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കുന്ന സക്കീർ ഹുസൈൻ ഒമ്പത് വർഷമായി പിതാവിനെ കണ്ടിട്ട്. പിതാവിനെ കാണലും ഉംറ നിർവഹിക്കലും സക്കീറിന്റെ ആഗ്രഹമായിരുന്നു.  സുമസ്സുകളുടെ സഹായത്തോടെ അതു സാധിച്ച നർവൃതിയിലാണ് സക്കീർ ഹുസൈൻ. അതിന് അല്ലാഹുവിനോട് നന്ദി പറഞ്ഞു.
മാതാവ് സഫിയാക്കും വല്ല്യുപ്പ മുഹമ്മദലി ഹാജിക്കും പിതൃസഹോദരൻ ശിഹാബുദ്ദീനുമൊപ്പമാണ് സക്കീർ ഹുസൈൻ നാട്ടിൽനിന്നുമെത്തിയത്. ഉംറക്കു ശേഷമാണ് ജയിലിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയത്. കരഞ്ഞ് പിതാവിനെ കെട്ടിപ്പുണർന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഹൃദയം തകർക്കുന്ന വികാര പ്രകടങ്ങൾക്ക് സാക്ഷ്യം വഹിക്കാൾ ഹാരിസ് കല്ലായി, സാമൂഹ്യ പ്രവർത്തകരായ സിറാജ് മുക്കം, മുഹമ്മദ് ഇസ്മായിൽ എന്ന മാനു, അക്ബർ പറപ്പൂർ എന്നിവരും ഉണ്ടായിരുന്നു. 
സലീമിനെയും കൂടെ ജയിലിൽ കഴിയുന്ന ദേവർ ശോല സ്വദേശി അബ്ദുസ്സലാം മുഹമ്മദ്, പൂക്കോട്ടും പാടം സ്വദേഴി അബ്ദുൽ കബീർ എന്നവരുടെ രേഖകൾ ശരിയാക്കി എത്രയും വേഗം ജയിൽ മോചിതരാക്കി നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹാരിസ് കല്ലായി അറിയിച്ചു. 


 

Tags

Latest News