Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്റെ സെല്‍ഫ് ഗോള്‍, പത്തു പേരുമായി ബ്ലാസ്റ്റേഴ്‌സ് തോറ്റു

കൊച്ചി - ഐ.എസ്.എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ജാംഷഡ്പൂര്‍ എഫ്.സിയോട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് 2-3 ന് തോറ്റു. രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ബര്‍തലോമിയൊ ഒഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോളില്‍ തോറ്റത്. അമ്പതാം മിനിറ്റില്‍ അബ്ദുല്‍ ഹക്കു ചുവപ്പ് കാര്‍ഡ് കണ്ടിട്ടും ധീരമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ക്കുന്നതായി സെല്‍ഫ് ഗോള്‍. 
11 ാം മിനിറ്റില്‍ ജാംഷഡ്പൂര്‍ ഗോളിയുടെ വന്‍ അബദ്ധത്തില്‍ നിന്ന് മെസ്സി ബൗളി ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കി. ഇടവേളക്ക് ആറു മിനിറ്റ് മുമ്പ് പ്രതിരോധനിരയുടെ വീഴ്ചയില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. പ്രതിരോധനിരയുടെ കണ്ണുവെട്ടിച്ച് ബോക്‌സില്‍ കയറിയ നെല്‍സന്‍ അകോസ്റ്റ ഫസ്റ്റ് ടൈം ഷോട്ടില്‍ ടി.പി രഹനേഷിനെ കീഴടക്കി. 
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹക്കു രണ്ടാം മഞ്ഞക്കാര്‍ഡ് നേടി മടങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. അമ്പത്താറാം മിനിറ്റില്‍ ഒഗ്‌ബെച്ചെ ആതിഥേയരെ വീണ്ടു മുന്നിലെത്തിച്ചു. എന്നാല്‍ ആള്‍ബലം മുതലാക്കി ജാംഷഡ്പൂര്‍ തിരിച്ചടിച്ചു. എഴുപത്തഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ സെര്‍ജിയൊ കാസ്റ്റില്‍ സമനില കണ്ടു. മെസ്സി ബൗളിയുടെ ഹാന്റ്‌ബോളിന്റെ പേരിലായിരുന്നു പെനാല്‍ട്ടി. 
സമനിലയെങ്കിലും നേടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് എണ്‍പത്തേഴാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വീണത്. സെര്‍ജിയൊ കാസ്റ്റലിന്റെ ഷോട്ട് ചവിട്ടിയകറ്റാന്‍ ശ്രമിക്കവെ ഒഗ്‌ബെച്ചെ സ്വന്തം വലയിലാണ് പന്തടിച്ചുകയറ്റിയത്. 


ഐ.എസ്.എല്‍
കളി, ജയം, ഡ്രോ, തോല്‍വി, പോയന്റ് എന്ന ക്രമത്തില്‍

എ.ടി.കെ    13    7    3    3    24
ഗോവ    13    7    3    3    24
ബംഗളൂരു    13    6    4    3    22
ഒഡിഷ    13    6    3    4    21
മുംബൈ    13    5    4    4    19
ജാംഷഡ്പൂര്‍    12    4    4    4    16
ചെന്നൈയന്‍    12    4    3    5    15
ബ്ലാസ്‌റ്റേഴ്‌സ്    13    3    5    5    14
നോര്‍ത്ഈസ്റ്റ്    11    2    5    4    11
ഹൈദരാബാദ്    13    1    2    10    5

Latest News