Sorry, you need to enable JavaScript to visit this website.

അമേരിക്കൻ ബോണ്ടുകളിൽ അറബ് രാജ്യങ്ങൾക്ക് 314 ബില്യൺ നിക്ഷേപം

റിയാദ് - അമേരിക്കൻ ബോണ്ടുകളിൽ അറബ് രാജ്യങ്ങൾ 314.7 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി യു.എസ് ട്രഷറികാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിന്റെ പകുതിയിലേറെയും സൗദിയുടെ വകയാണ്. അമേരിക്കൻ ബോണ്ടുകളിൽ അറബ് രാജ്യങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ 57.1 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ 179.7 ബില്യൺ ഡോളർ (673.9 ബില്യൺ റിയാൽ) നിക്ഷേപിച്ചിട്ടുണ്ട്. അമേരിക്കൻ ബോണ്ടുകളിൽ ലോക രാജ്യങ്ങൾ ആകെ നടത്തിയ നിക്ഷേപങ്ങളിൽ 2.7 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. 
കഴിഞ്ഞ നവംബറിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 0.4 ശതമാനം തോതിൽ വർധിച്ചതായി  കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപത്തിൽ 78.3 കോടി ഡോളറിന്റെ വർധനവാണുണ്ടായത്. ഒക്‌ടോബർ അവസാനത്തിൽ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപം 178.9 ബില്യൺ ഡോളറായിരുന്നു. 12 അറബ് രാജ്യങ്ങൾ അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ലോക രാജ്യങ്ങൾ അമേരിക്കൻ ബോണ്ടുകളിൽ നടത്തിയ നിക്ഷേപത്തിന്റെ 4.7 ശതമാനം അറബ് രാജ്യങ്ങളുടെ പങ്കാണ്. ലോക രാജ്യങ്ങൾ ആകെ 6.74 ട്രില്യൺ ഡോളറാണ് അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. 
സൗദി അറേബ്യ കഴിഞ്ഞാൽ അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ അറബ് രാജ്യം കുവൈത്ത് ആണ്. കുവൈത്ത് അമേരിക്കൻ ബോണ്ടുകളിൽ 43 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. 
മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ 39.9 ബില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള ഇറാഖ് 31 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഒമാൻ 7.7 ബില്യൺ ഡോളറും ആറാം സ്ഥാനത്തുള്ള മൊറോക്കൊ 4.6 ബില്യൺ ഡോളറും ഏഴാം സ്ഥാനത്തുള്ള ഖത്തർ 4.4 ബില്യൺ ഡോളറും എട്ടാം സ്ഥാനത്തുള്ള ഈജിപ്ത് 2.2 ബില്യൺ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള മൗറിത്താനിയ 96.3 കോടി ഡോളറും പത്താം സ്ഥാനത്തുള്ള അൾജീരിയ 68.1 കോടി ഡോളറും പതിനൊന്നാം സ്ഥാനത്തുള്ള ബഹ്‌റൈൻ 52.9 കോടി ഡോളറും അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 
അറബ് രാജ്യങ്ങളിൽ ഏറ്റവും കുറച്ച് പണം അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത് ലെബനോൻ ആണ്. ലെബനോൻ 20 ലക്ഷം ഡോളർ മാത്രമാണ് അമേരിക്കൻ ബോണ്ടുകളിൽ നടത്തിയിരിക്കുന്ന നിക്ഷേപം. 
ഒരു വർഷത്തിനിടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 5.8 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. സൗദി നിക്ഷേപത്തിൽ 980 കോടി ഡോളറിന്റെ വർധനവാണുണ്ടായത്. 2018 നവംബറിൽ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപം 169.9 ബില്യൺ ഡോളറായിരുന്നു. അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപങ്ങൾ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്താണ്. ജപ്പാൻ, ചൈന, ബ്രിട്ടൻ, ബ്രസീൽ, അയർലന്റ്, ലക്‌സംബർഗ്, സ്വിറ്റ്‌സർലാന്റ്, ഹോങ്കോംഗ്, കൈമാൻ ഐലന്റ്‌സ്, തായ്‌വാൻ എന്നീ രാജ്യങ്ങൾ സൗദി അറേബ്യക്കു മുന്നിലാണ്. 

Tags

Latest News