Sorry, you need to enable JavaScript to visit this website.

സൗദി-ഗൾഫ് വ്യാപാരം 9,800 കോടി റിയാൽ

റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 9,800 കോടി റിയാലായി ഉയർന്നതായി സൗദി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 73.4 ശതമാനവും സൗദി-യു.എ.ഇ ഉഭയകക്ഷി വ്യാപാരമാണ്. 2019 ൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 7,200 കോടി റിയാലായിരുന്നു. 
പോയ വർഷം സൗദി അറേബ്യ യു.എ.ഇയിൽ നിന്ന് 5,300 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും യു.എ.ഇയിലേക്ക് 1,900 ലേറെ കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ചെയ്തു. 
ബഹ്‌റൈനിൽ നിന്ന് 600 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് കഴിഞ്ഞ വർഷം സൗദി  ഇറക്കുമതി ചെയ്തത്. 300 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ബഹ്‌റൈനിലേക്ക് കയറ്റി അയച്ചു. കുവൈത്തിൽ നിന്ന് 200 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കൊല്ലം കുവൈത്തിലേക്ക് 600 കോടി റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ കയറ്റി അയക്കുകയും ചെയ്തു.
 ഒമാനിൽനിന്ന് ഇക്കാലയളവിൽ 700 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഒമാനിലേക്ക് 300 കോടി റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ കയറ്റി അയച്ചു. 
സ്വർണ ബിസ്‌കറ്റുകൾ, പാലുൽപന്നങ്ങൾ, വൈദ്യുതി കേബിളുകൾ, പോളിത്തീൻ, സിമന്റ്, പഞ്ചസാര, അലൂമിനിയം, മൈദ, ഇരുമ്പ്, എണ്ണകൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയാണ് ഗൾഫ് രാജ്യങ്ങൾ കയറ്റി അയക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 4,83,000 കയറ്റുമതിക്കാരും ഇറക്കുമതിക്കാരുമുണ്ട്. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ 1,678 സ്ഥാപനങ്ങളും വ്യക്തികളും പ്രവർത്തിക്കുന്നു. 
സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ അവ നിർമിച്ച രാജ്യത്തിന്റെ പേര് നീക്കം ചെയ്യാൻ സാധിക്കാത്ത വിധം രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗ കാലാവധിയും ചേരുവകളും രേഖപ്പെടുത്തിയിരിക്കണം. 
മരുന്നുകൾ ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Tags

Latest News