Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ

ലണ്ടന്‍ - ഇംഗ്ലിഷ് ഫുട്‌ബോളിലെ പരമ്പരാഗത വൈരികളായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടും. വര്‍ഷങ്ങളായി യുനൈറ്റഡിന്റെ ഉയര്‍ച്ചയില്‍ നിരാശരായ ലിവര്‍പൂള്‍ ഇത്തവണ കിരീടം വീണ്ടെടുക്കാനുള്ള ജൈത്രയാത്രയിലാണ്. നിലവിലെ ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരാണ് ലിവര്‍പൂള്‍. യുനൈറ്റഡാവട്ടെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ പോലും സ്ഥാനം പിടിക്കാന്‍ പ്രയാസപ്പെടുകയാണ്. പകുതിയിലേറെ സീസണ്‍ കളിക്കാനിരിക്കെ ലിവര്‍പൂള്‍ ഏതാണ്ട് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച മട്ടാണ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 14 പോയന്റ് ലീഡുണ്ട് അവര്‍ക്ക്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡ് ഭയപ്പെടുത്തുന്ന ഇടമാണെന്ന് യുനൈറ്റഡ് കോച്ച് ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയര്‍ പറഞ്ഞു. 
1990 ലാണ് അവസാനമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായത്. അതിനു ശേഷം അവര്‍ക്ക് പതനമായിരുന്നു. ഈ ഇടവേള ഭരിച്ചത് യുനൈറ്റഡാണ്. 26 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1993 ല്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. 2013 ല്‍ വിരമിച്ച കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ 13 തവണ യുനൈറ്റഡിനെ കിരീടത്തിലേക്കു നയിച്ചു. 20 തവണ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ റെക്കോര്‍ഡ് തകര്‍ന്നു. 
എന്നാല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയ ശേഷം കിരീടത്തിന് അടുത്തുപോലുമെത്താന്‍ യുനൈറ്റഡിന് സാധിച്ചിട്ടില്ല. യൂര്‍ഗന്‍ ക്ലോപ് കോച്ചായി എത്തിയതോടെ ലിവര്‍പൂള്‍ തിരിച്ചുവരവ് തുടങ്ങി. കഴിഞ്ഞ വര്‍ഷം അവസാന മത്സരത്തിലാണ് അവരെ മറികടന്ന് സിറ്റി ചാമ്പ്യന്മാരായത്. ഇത്തവണ ലിവര്‍പൂളിനെക്കാള്‍ 27 പോയന്റ് പിന്നിലാണ് യുനൈറ്റഡ്. ഫെര്‍ഗൂസനു ശേഷം യുനൈറ്റഡ് കോച്ചാവുന്ന നാലാമത്തെയാളാണ് സോള്‍സ്‌ക്ജയര്‍. 
ഈ സീസണില്‍ ലിവര്‍പൂളിന് തോല്‍പിക്കാനാവാതിരുന്ന ഏക ടീം യുനൈറ്റഡാണ് എന്നതാണ് ആശ്വാസം. ഒക്ടോബറിലെ ആദ്യ മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. ലിവര്‍പൂള്‍ 38 മത്സരങ്ങളിലായി പരാജയമില്ലാതെ കുതിക്കുകയാണ്.

Latest News