Sorry, you need to enable JavaScript to visit this website.

21 ഓവര്‍ തുടര്‍ മെയ്ഡന്‍, നാദ്കര്‍ണി 'ക്രീസ് വിട്ടു'

മുംബൈ -  മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപു നാദ്കര്‍ണി എണ്‍പത്താറാം വയസ്സില്‍ അന്തരിച്ചു. ബാപുവിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. 
ഇടങ്കൈയന്‍ ബാറ്റ്‌സ്മാനും ഇടങ്കൈയന്‍ സ്പിന്നറുമായ ബാപു 1955-1968 കാലയളവില്‍ 41 ടെസ്റ്റ് കളിച്ചു. ബാപുവിന്റെ ബൗളിംഗിനെതിരെ റണ്ണെടുക്കുക ഏതാണ്ട് അസാധ്യമായിരുന്നു. ഓവറില്‍ 1.67 റണ്‍സാണ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ എക്കണോമി നിരക്കാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ ട്രവര്‍ ഗൊദാര്‍ദിന് (1.64) തലനാരിഴ പിന്നില്‍. 1967 ല്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ബാപുവിന്റെ തുടര്‍ച്ചയായ 21 ഓവറില്‍ റണ്‍ പിറന്നില്ല. ഇരുപത്തിരണ്ടാം ഓവറിലെ അവസാന പന്തിലാണ് റണ്‍ പിറന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പോലും റണ്‍ പിറക്കാത്ത ഏറ്റവും ദീര്‍ഘമായ ഘട്ടമായി ആ 21.5 ഓവര്‍. ആ ഇന്നിംഗ്‌സില്‍ എറിഞ്ഞ 32 ഓവറില്‍ ഇരുപത്തേഴും മെയ്ഡനായി. ബാക്കി അഞ്ചോവറില്‍ അഞ്ച് റണ്‍സാണ് വഴങ്ങിയത് (32-27-5-0). 1960-61 ലെ പാക്കിസ്ഥാനെതിരായ പരമ്പരയിലെ കാണ്‍പൂര്‍ ടെസ്റ്റിലും (32-24-23-0) ദല്‍ഹി ടെസ്റ്റിലും (34-24-24-1) സമാനമായി ബാപു പിശുക്കി. 
ഇന്ത്യ ആദ്യമായി വിദേശത്ത് പരമ്പര ജയിച്ച 1967-68 ലെ ന്യൂസിലാന്റ് പര്യടനത്തില്‍ വെല്ലിംഗ്ടണില്‍ 43 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തതാണ് കരിയര്‍ ബെസ്റ്റ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാപുവിന് 14 സെഞ്ചുറികളുണ്ട്. 

Latest News