Sorry, you need to enable JavaScript to visit this website.

തിരിച്ചടിച്ചു,  ഇന്ത്യക്ക് 36 റണ്‍സ് ജയം

രാജ്‌കോട് - ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആറിന് 340 റണ്‍സ് വാരിക്കൂട്ടിയ ആതിഥേയര്‍ 36 റണ്‍സിന്റെ ഉജ്വല വിജയം സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ ആറിന് 340, ഓസ്‌ട്രേലിയ 49.1 ഓവറില്‍ 304.
ശിഖര്‍ ധവാന്റെയും (90 പന്തില്‍ 96) കെ.എല്‍ രാഹുലിന്റെയും (52 പന്തില്‍ 80) വിരാട് കോഹ്‌ലിയുടെയും (76 പന്തില്‍ 78) കരുത്തിലാണ് ഇന്ത്യ വന്‍ സ്‌കോറിലേക്ക് മുന്നേറിയത്. മുംബൈയില്‍ ഓസീസ് പെയ്‌സര്‍മാര്‍ക്കെതിരെ നിലംപൊത്തിയ ബാറ്റിംഗ് നിര ഇത്തവണ കണക്കിന് കൊടുത്തു. ശിഖറിന് നാലു റണ്‍സ് അരികിലാണ് പതിനെട്ടാം ഏകദിന സെഞ്ചുറി നഷ്ടപ്പെട്ടത്. രോഹിത് ശര്‍മയും (42) ശിഖറും പതിമൂന്നോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 81 റണ്‍സടിച്ച് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഉറച്ച അടിത്തറയിട്ടു. 
ആദ്യ മത്സരത്തില്‍ സെഞ്ചുറികളുമായി പുറത്താവാതെ നിന്ന ഡേവിഡ് വാണര്‍ക്കും (12 പന്തില്‍ 15) ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചിനും (48 പന്തില്‍ 33) ഇത്തവണ ചുവട് തെറ്റി. നാലാം ഓവറില്‍ കവറില്‍ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നല്‍കിയത്. മുഹമ്മദ് ഷമിയെ ഉയര്‍ത്താന്‍ ശ്രമിച്ചതായിരുന്നു വാണര്‍. സ്റ്റീവ് സ്മിത്തും (102 പന്തില്‍ 98) ആദ്യ ഏകദിന ഇന്നിംഗ്‌സ് കളിക്കുന്ന മാര്‍നസ് ലാബുഷൈനുമാണ് (47 പന്തില്‍ 46) ഓസീസ് പ്രതീക്ഷ നിലനിര്‍ത്തിയത്. മുപ്പതാം ഓവറില്‍ സ്‌കോര്‍ രണ്ടിന് 178 ലെത്തിയതോടെ കളി ആവേശകരമായി. ലാബുഷൈനെ പുറത്താക്കി ജദേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പകരം വന്ന അലക്‌സ് കാരിയെയും (17 പന്തില്‍ 18) സ്മിത്തിനെയും കുല്‍ദീപ് യാദവ് മൂന്നു പന്തിനിടെ തിരിച്ചയച്ചതോടെ ഇന്ത്യ കളിയില്‍ മേല്‍ക്കൈ നേടി. സ്മിത്തിന്റെ വിക്കറ്റ് ഏകദിനത്തില്‍ കുല്‍ദീപിന് ഓര്‍മയില്‍ സൂക്ഷിക്കാവുന്ന നൂറാം വിക്കറ്റായി. 


 

Latest News