Sorry, you need to enable JavaScript to visit this website.

കുവൈത്ത് മുബാറകിയ സൂഖില്‍ സംഘട്ടനം

കുവൈത്ത് സിറ്റി - അല്‍മുബാറകിയ സൂഖില്‍ സംഘട്ടനത്തില്‍ പങ്കെടുത്തവരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. അല്‍മുബാറകിയ സൂഖിലെ റെസ്റ്റോറന്റില്‍ സംഘര്‍ഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ സ്ഥലത്തെത്തി സംഘട്ടനത്തിലേര്‍പ്പെട്ടവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് മന്ത്രാലയം പറഞ്ഞു.
വടികളും ദണ്ഡുകളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭക്ഷണം സപ്ലൈ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വലിയ തളിക അടി തടുക്കുന്നതിനുള്ള പരിചയായി കൂട്ടത്തില്‍ ഒരാള്‍ ഉപയോഗിച്ചു. ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഉപയോക്താക്കളെ ഭയചകിതരാക്കി.
അല്‍മുബാറകിയ സൂഖിലെ കോഫി ഷോപ്പ് ജീവനക്കാര്‍ക്കും മറ്റൊരാള്‍ക്കുമിടയിലാണ് സംഘട്ടനമുണ്ടായത്. സംഘര്‍ഷത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. സൂഖിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ ഔദ്യോഗിക പരാതി നല്‍കുന്നതിന് കോഫി ഷോപ്പ് ഉടമ വിസമ്മതിച്ചു. കോഫി ഷോപ്പ് ജീവനക്കാരുമായി ഏറ്റുമുട്ടിയ ആള്‍ കേസുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവരുന്ന കുറ്റവാളിയാണെന്ന് പിന്നീട് വ്യക്തമായി.

 

Latest News