Sorry, you need to enable JavaScript to visit this website.

സൗദിയുടെ എണ്ണയുൽപാദനത്തിൽ അഞ്ചു ശതമാനം കുറച്ചു

റിയാദ്- കഴിഞ്ഞ വർഷം സൗദി അറേബ്യ എണ്ണയുൽപാദനത്തിൽ 4.9 ശതമാനം കുറവ് വരുത്തിയതായി ഊർജ മന്ത്രാലയത്തിന്റെയും ഒപെക്കിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. 2019 ൽ സൗദിയുടെ ശരാശരി പ്രതിദിന എണ്ണയുൽപാദനം 9.81 ദശലക്ഷം ബാരലായിരുന്നു. 2018 ൽ ഇത് 10.32 ദശലക്ഷം ബാരലായിരുന്നു. സൗദിയുടെ കഴിഞ്ഞ വർഷത്തെ എണ്ണയുൽപാദനം ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണ്. ഇതിനു മുമ്പ് 2014 ലാണ് എണ്ണയുൽപാദനം ഇത്രയും കുറഞ്ഞത്. ആ വർഷം പ്രതിദിന എണ്ണയുൽപാദനം 9.71 ദശലക്ഷം ബാരലായിരുന്നു. 2010 മുതൽ സൗദി അറേബ്യ തുടർച്ചയായി എണ്ണയുൽപാദനം വർധിപ്പിച്ചു വരികയായിരുന്നു. 2013 ലും 2017 ലും 2019 ലും മാത്രമാണ് തൊട്ടു മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ കുറവ് വരുത്തിയത്.
2010 ൽ 8.17 ദശലക്ഷവും 2011 ൽ 9.31 ദശലക്ഷവും 2012 ൽ 9.76 ദശലക്ഷവും 2013 ൽ 9.64 ദശലക്ഷവും 2014 ൽ 9.71 ദശലക്ഷവും 2015 ൽ 10.19 ദശലക്ഷവും 2016 ൽ 10.46 ദശലക്ഷവും 2017 ൽ 9.96 ദശലക്ഷവും 2018 ൽ 10.32 ദശലക്ഷവും 2019 ൽ 9.81 ദശലക്ഷവും ബാരലായിരുന്നു സൗദിയുടെ ശരാശരി പ്രതിദിന എണ്ണയുൽപാദനം. ആഗോള വിപണിയിൽ വിലയിടിച്ചിൽ തടയുന്നതിന് ഉൽപാദനം കുറക്കുന്നതിന് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും തമ്മിലുണ്ടാക്കിയ (ഒപെക് പ്ലസ്) കരാർ പാലിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ വർഷം സൗദിയുടെ എണ്ണയുൽപാദനം കുറഞ്ഞത്. ഒപെക് പ്ലസ് കരാർ 2019 ൽ പ്രതിദിന ഉൽപാദനത്തിൽ 12 ലക്ഷം ബാരലിന്റെ വീതം കുറവാണ് വരുത്തിയത്. ഈ വർഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് പ്രതിദിന ഉൽപാദനത്തിൽ 17 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിന് ഒപെക് പ്ലസ് അടുത്തിടെ ധാരണയിലെത്തിയിരുന്നു. എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് സാധാരണയിൽ ധാരണ പ്രകാരമുള്ളതിൽ കൂടുതലായി ഉൽപാദനം കുറക്കുന്നത് സൗദി അറേബ്യയുടെ പതിവാണ്. 
കഴിഞ്ഞ വർഷം ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനം 6.3 ശതമാനം തോതിൽ കുറഞ്ഞതായാണ് കണക്ക്. പ്രതിദിന ഉൽപാദനത്തിൽ 20 ലക്ഷത്തോളം ബാരലിന്റെ കുറവാണ് ഒപെക് രാജ്യങ്ങൾ വരുത്തിയത്. സൗദി അറേബ്യ ഉൽപാദനം കുറച്ചെങ്കിലും ഒപെക് രാജ്യങ്ങളുടെ ഉൽപാദനത്തിൽ സൗദിയുടെ വിഹിതം കഴിഞ്ഞ വർഷം 32.8 ശതമാനമായി ഉയർന്നു. 2018 ൽ ഇത് 32.4 ശതമാനവും 2017 ൽ 31.1 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ എണ്ണ ലഭ്യതയുടെ പത്തു ശതമാനത്തോളം സൗദിയുടെ വിഹിതമായിരുന്നു. കഴിഞ്ഞ വർഷം ആഗോള തലത്തിൽ പ്രതിദിന എണ്ണയുൽപാദനം ഒരു കോടിയോളം ബാരലായിരുന്നു. 

Tags

Latest News