Sorry, you need to enable JavaScript to visit this website.

മരയ്ക്കാർ ചൈനയിലും റിലീസ് ചെയ്യും

ചരിത്ര പുരുഷൻ കുഞ്ഞാലി മരയ്ക്കാരുടെ വേഷത്തിൽ മോഹൻലാൽ എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം മറ്റൊരു ചരിത്ര നേട്ടം കൂടി കുറിക്കുന്നു. ചൈനയിലും ചിത്രം റിലീസ് ചെയ്യുമെന്നതാണത്. ഈ വർഷം ചൈനയിൽ റിലീസ് ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ മരയ്ക്കാറുമുണ്ട്.
സാധാരണ ഗതിയിൽ ഇന്ത്യൻ സിനിമകൾക്ക് ചൈനയിൽ പ്രദർശനാനുമതി ലഭിക്കാറില്ല. എന്നാൽ ഇന്ത്യയിൽ വൻ വിജയം നേടിയിട്ടുള്ള പല ബോളിവുഡ് ചിത്രങ്ങളും ചൈനയിലും റിലീസ് ചെയ്യുകയും വൻ കലക്ഷൻ നേടുകയും ചെയ്തിട്ടുണ്ട്. മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ചൈനയിൽ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമക്കും വലിയൊരു വിപണിയാണ് തുറന്നുകിട്ടുന്നത്.
റിലീസിനു മുമ്പു തന്നെ ചിത്രം കലക്ഷൻ റെക്കോർഡുകൾ ഭേദിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏറ്റവും കൂടുതൽ ഓവർസീസ് റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ് നേടിയ സിനിമയെന്ന നിലയിലാണത്. ഈ വകയിൽ 250 കോടിയോളം രൂപ ഇതുവരെ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. 
വൻ താരനിര അണിനിരക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, മോഹൻലാൽ ആരാധകരെ മാത്രമല്ല, ചലച്ചിത്ര പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സുനിൽ ഷെട്ടി, അർജുൻ സർജ്ജ, കീർത്തി സുരേഷ്, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സുഹാസിനി, ഫാസിൽ, സിദ്ദീഖ്, മഞ്ജു വാര്യർ, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാർ, സുരേഷ് കുമാർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. ദേശീയ പുരസ്‌കാര ജേതാവായ സിനിമാറ്റോഗ്രഫർ ടിരു, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ എന്നിവരും അണിയറയിലുണ്ട്. ആന്റണി പെരുമ്പാവൂർ, കോൺഫിഡൻസ് ഗ്രൂപ്പ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Latest News