Sorry, you need to enable JavaScript to visit this website.

മാനസിക രോഗത്തിന് നിയമാനുസൃത മന്ത്ര ചികിത്സക്ക് അനുമതി 

റിയാദ്- ആവശ്യമെങ്കിൽ മന്ത്ര ചികിത്സ അടക്കമുള്ള പാരമ്പര്യ ചികിത്സ നടത്താൻ അനുമതി നൽകുന്ന മാനസികാരോഗ്യ ചികിത്സ നിയമ ഭേദഗതി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.
പുതിയ ഭേദഗതിയനുസരിച്ച് മാനസിക രോഗ വിദഗ്ധരുടെ അനുമതിയോടെ രോഗിക്കാവശ്യമായ പാരമ്പര്യേതര ചികിത്സകളും നൽകാവുന്നതാണ്. രോഗിയുടെ രക്ഷിതാക്കളെ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ ഇതിന് മാനസികാരോഗ്യ പ്രാദേശിക സമിതിയുടെ അംഗീകാരം മതിയാകും. ചികിത്സിക്കുന്ന ഡോക്ടറുടെ അനുമതിയോടെ നിയമാനുസൃത മന്ത്ര ചികിത്സകരുടെ സഹായം രോഗിക്കോ ബന്ധുക്കൾക്കോ തേടുന്നതിൽ തെറ്റില്ല. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് നേടിയ മന്ത്ര ചികിത്സകനെയാണ് ചികിത്സക്കായി സമീപിക്കേണ്ടത്. എന്നാൽ ചികിത്സക്ക് മുമ്പ് മാനസികാരോഗ്യ കേന്ദ്രത്തിലെ മതകാര്യ വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അവരാണ് മന്ത്രചികിത്സയുടെ ദിവസവും സമയവും സ്ഥലവും നിശ്ചയിക്കേണ്ടത്. മതകാര്യ വിഭാഗത്തിന്റെയും ചികിത്സ വിഭാഗത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെയും സാന്നിധ്യത്തിലാണ് ചികിത്സ നടത്തേണ്ടത്. ഖുർആനിനും ഹദീസിനും വിരുദ്ധമായതൊന്നും മന്ത്ര ചികിത്സയിൽ പാടില്ല.
നിലവിലെ ചികിത്സ പ്ലാനുകളിലോ മരുന്നുകളിലോ ഇടപെടാനോ രോഗിയുടെ രജിസ്റ്റർ പരിശോധിക്കാനോ മന്ത്രചികിത്സകന് അനുമതിയുണ്ടാകില്ല. ഖുർആൻ സുന്നത്തിന് ഏതിരായ കാര്യം സംഭവിക്കുകയോ ചികിത്സാ പ്ലാനുകളിൽ ഇടപെടുകയോ ചെയ്താൽ മതകാര്യ വിഭാഗത്തിന് മന്ത്ര ചികിത്സകനെ മാറ്റി മറ്റൊരു നിയമാനുസൃത മന്ത്രചികിത്സകനെ നിശ്ചയിക്കുന്നതിന് അനുമതിയുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Tags

Latest News