Sorry, you need to enable JavaScript to visit this website.

ഇങ്ങനെയൊന്ന് ആദ്യം, രോഷാകുലനായി കോഹ്‌ലി

ചെന്നൈ - വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ വിവാദ അമ്പയറിംഗ് വിധിയില്‍ രോഷാകുലനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ നാല്‍പത്തെട്ടാം ഓവറില്‍ രവീന്ദ്ര ജദേജക്കെതിരായ റണ്ണൗട്ട് അപ്പീല്‍ ടി.വി റീപ്ലേ കണ്ട ശേഷം ഫീല്‍ഡ് അമ്പയര്‍ ദക്ഷിണആഫ്രിക്കയുടെ ഷോണ്‍ ജോര്‍ജ് മൂന്നാം അമ്പയറുടെ വിധിക്കു വിട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇങ്ങനെയൊരു വിധി ആദ്യമായാണ് കാണുന്നതെന്നും അതുവഴി ഇന്ത്യക്ക് 15-20 റണ്‍സ് നഷ്ടപ്പെട്ടുവെന്നും കോഹ്‌ലി പറഞ്ഞു. അമ്പയര്‍ ആദ്യം അപ്പീല്‍ നിരസിച്ചെങ്കിലും ഒടുവില്‍ ശരിയായ തീരുമാനത്തിലെത്തി എന്നതില്‍ സന്തോഷമുണ്ടെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ കാരണ്‍ പോളാഡ് പറഞ്ഞു. ജദേജ റണ്ണൗട്ടല്ലെന്നാണ് അമ്പയര്‍ ആദ്യം വിധിച്ചത്. എന്നാല്‍ ഗ്രൗണ്ടിലെ റീപ്ലേയില്‍ റണ്ണൗട്ടാണെന്ന് സൂചന കിട്ടിയതോടെ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ശക്തമാക്കി. അതോടെ ദീര്‍ഘമായ സെക്കന്റുകള്‍ക്കു ശേഷം മൂന്നാം അമ്പയറുടെ വിധിക്കായി ഫീല്‍ഡ് അമ്പയര്‍ ആംഗ്യം കാണിച്ചു. അപ്പോള്‍ തന്നെ കോഹ്‌ലി രോഷം പ്രകടിപ്പിച്ചിരുന്നു. 
അമ്പയര്‍ അപ്പീല്‍ നിരസിക്കുന്നതോടെ പ്രശ്‌നം അവസാനിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ റീപ്ലേ വീക്ഷിച്ചവരുടെ അഭിപ്രായം കേട്ട് തീരുമാനം തിരുത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും കോഹ്‌ലി പറഞ്ഞു. 
 

Latest News