Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷം എതിര്‍ത്തു; വ്യക്തിവിവര ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക്

ന്യൂദല്‍ഹി - പ്രതിപക്ഷം രൂക്ഷമായ എതിര്‍പ്പ് ഉന്നയിച്ചതോടെ വ്യക്തി വിവര സംരക്ഷണ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇസ്രായില്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ത്തി എന്ന ഗുരുതര പരാതിയുടെ നിഴലിലാണ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.  


രാജ്യത്താകമാനം വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനാവശ്യ കടന്നുകയറ്റം നടക്കുന്നു എന്ന വ്യാപക പരാതിയുടെ ഇടയിലാണ് സര്‍ക്കാര്‍ ബില്ലുമായി എത്തിയിരിക്കുന്നതെന്ന് ബില്ലവതരണത്തെ എതിര്‍ത്ത എം.പിമാരായ അധീര്‍ രഞ്ജന്‍ ചൗധരി, സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവര്‍ ചൂണ്ടിക്കാട്ടി. വിദേശ കമ്പനികള്‍ വരെ രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന അന്തരീക്ഷമാണുള്ളത്. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ തന്നെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പൗരന്മാര്‍ക്ക് സ്വകാര്യതയ്ക്കും വിവര സംരക്ഷണത്തിനും അവകാശമുണ്ടെങ്കിലും ഒരു ഭീകരന് അതിന്റെ സംരക്ഷണം ലഭിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.

ഡാറ്റാ സുരക്ഷിതത്വം സുപ്രധാനമാണെന്നും ഒരു വ്യക്തിയില്‍നിന്ന് ആവശ്യമായ ഡാറ്റ മാത്രമേ കമ്പനികള്‍ സ്വീകരിക്കാവൂയെന്നും ബില്ലില്‍ പറയുന്നു. ശേഖരിക്കുന്ന ഡാറ്റയുടെ ഉപയോഗം ഉപഭോക്താവിനെ അറിയിക്കണം. എല്ലാ വ്യക്തി വിവരങ്ങളുടെയും ഒരു കോപ്പി ഇന്ത്യയില്‍ സൂക്ഷിക്കണം. നിര്‍ണായക വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇന്ത്യയില്‍ തന്നെ ആയിരിക്കണം. എമര്‍ജന്‍സി ഘട്ടങ്ങളിലല്ലാതെ പുറത്തുകൊണ്ടുപോവാന്‍ പറ്റില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇവ ലംഘിച്ചാല്‍ അഞ്ചു കോടി രൂപയോ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ രണ്ടു ശതമാനമോ മുതല്‍ 15 കോടി രൂപയോ ആഗോള വരുമാനത്തിന്റെ നാലു ശതമാനം വരെയോ പിഴ ലഭിക്കും. വിവിധ പാസ്‌വേഡുകള്‍, ആരോഗ്യ വിവരങ്ങള്‍, ധനവിനിയോഗം, ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക് വിവരം, ജനിതക വിവരം, ട്രാന്‍സ്ജന്‍ഡര്‍ വിവരം, മതം, രാഷ്ട്രീയ താല്‍പര്യം തുടങ്ങിവയാണ് വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുന്നത്. രാജ്യത്തിന്റെ പരമാധികാരം രാജ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ തന്നെ പരിശോധിക്കാനും ബില്ല് നിയമമായാല്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. കോടതി ഉത്തരവിലൂടെയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.


ബില്ല് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് ചോര്‍ച്ച സംബന്ധിച്ച വിഷയം പരിശോധിക്കുന്നതും തരൂര്‍ അധ്യക്ഷനായ സമിതിയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് തയാറായില്ല. വോട്ടെടുപ്പിലൂടെ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് നിശ്ചയിച്ചത്. ശിവസേനയെക്കൂടി ഒപ്പം നിര്‍ത്തി പ്രതിഷേധിച്ച കോണ്‍ഗ്രസ് ബില്ലവതരണത്തെ ശക്തമായി എതിര്‍ത്തു. വോട്ടെടുപ്പിലേക്ക് കടന്നതോടെ കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. അതോടെ ബില്ല് സംയുക്ത പാര്‍ലമെന്ററി  സമിതിക്കു വിടാനുള്ള തീരുമാനം ശബ്ദവോട്ടോടെ പാസായി.
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്. രാജ്യത്ത് സ്‌നൂപ്പിംഗ് വ്യവസായം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക മന്ത്രാലയം ഈ വിഷയങ്ങളില്‍ സംശയാസ്പദമായ നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Latest News