Sorry, you need to enable JavaScript to visit this website.

പോളാഡിന്റെ പോരാട്ടം വിഫലം, കപ്പ്‌ കോഹ്‌ലിക്കും കൂട്ടര്‍ക്കും

മുംബൈ - കാരണ്‍ പോളാഡും ഷിംറോന്‍ ഹെത്മയറും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ വെസ്റ്റിന്‍ഡീസ് വിറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ട്വന്റി20 യില്‍ ഇന്ത്യക്ക് അനായാസം വിജയം. 67 റണ്‍സിന്റെ വന്‍ വിജയം ആഘോഷിച്ച ഇന്ത്യ മൂന്നു മത്സര പരമ്പര 2-1 ന് സ്വന്തമാക്കി. ഇന്ത്യ മൂന്നു വിക്കറ്റിന് 240 റണ്‍സടിച്ചു കൂട്ടിയപ്പോള്‍ വിന്‍ഡീസിന്റെ മറുപടി എട്ടിന് 173 ല്‍ അവസാനിച്ചു. 
രോഹിത് ശര്‍മയും (34 പന്തില്‍ 71)  കെ.എല്‍ രാഹുലും (56 പന്തില്‍ 91) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (29 പന്തില്‍ 70 നോട്ടൗട്ട്) ഒപ്പത്തിനൊപ്പം ആക്രമിച്ചു കയറിയ മത്സരത്തില്‍ ഇന്ത്യ അനായാസം 200 പിന്നിട്ടു. മൂവരും ചേര്‍ന്ന് 16 സിക്‌സറാണ് അടിച്ചുകൂട്ടിയത്. 
മറുപടിയായി 17 റണ്‍സെടുക്കുമ്പോഴേക്കും വിന്‍ഡീസിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ലെന്‍ഡല്‍ സിമണ്‍സിനെ (7) മുഹമ്മദ് ഷമിയും ബ്രാന്‍ഡന്‍ കിംഗിനെ (5) ഭുവനേശ്വര്‍കുമാറും മടക്കി. കഴിഞ്ഞ കളിയിലെ ഹീറോ നിക്കൊളാസ് പൂരാനെ നേരിട്ട ആദ്യ പന്തില്‍ ദീപക് ചഹര്‍ പുറത്താക്കി. പോളാഡും (39 പന്തില്‍ 68) ഹെത്മയറും (24 പന്തില്‍ 41) തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ വിന്‍ഡീസിന്റെ മുന്നേറ്റം അവസാനിച്ചു. ചഹറും (4-0-20-2) ഭുവനേശ്വറും (4-0-41-2) ഷമിയും (4-0-25-2) കുല്‍ദീപ് യാദവും (4-0-45-2) എട്ട് വിക്കറ്റ് പങ്കുവെച്ചു. 


 

Latest News