കോട്ടയം - ആമ്പൽ പൊയ്കകൾ അക്ഷരനഗരത്തിൽ വിനോദസഞ്ചാരികൾക്ക്് ദൃശ്യവസന്തമൊരുക്കുന്നു. നഗരപ്രാന്തത്തിലുളള തിരുവാർപ്പ് മലരിക്കലും പനച്ചിക്കാടുമുളള ആമ്പൽ പൊയ്കകൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ ഹിറ്റായി കഴിഞ്ഞു. മലരിക്കലെ ആമ്പൽ പൂക്കാലം കാണാനായി കുട്ടവഞ്ചികളിൽ സഞ്ചാരികളെത്തുന്നുണ്ട്. ഇവിടത്തെ ടൂറിസത്തിന്റെ അനന്തസാധ്യത മനസിലാക്കിയ ചലച്ചിത്ര താരങ്ങളും ഇവിടേക്ക് എത്തി. ജയസൂര്യയുടെ പത്‌നി കഴിഞ്ഞ ദിവസം പനച്ചിക്കാട്ടെ അമ്പാട്ടുകടവിലെ വിശാലമായ ആമ്പൽ കാഴ്ചകൾ കാണാനെത്തിയിരുന്നു.
ഇപ്പോഴിതാ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച കുമരകത്തും ആമ്പൽ നിറയുന്നു. കോട്ടയം കുമരകം റൂട്ടിലെ പാടശേഖരത്തിലാണ് ആമ്പൽ പൂത്തുലയുന്നത്്. വേമ്പനാട്ട് കായലിൽ ചീപ്പുങ്കലിലും ആമ്പൽ പൂത്തുലഞ്ഞു. കുമരകത്തെ ടൂറിസവും ആമ്പലുമായി ബന്ധപ്പെടുത്തി ഹോട്ടലുകൾ ഇതിനകം തന്നെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
കോട്ടയത്ത്് എത്തുന്ന വിനോദസഞ്ചാരികളെ വിശാലമായ ആമ്പൽ പാടങ്ങളിലേക്ക്് അവർ ആനയിക്കുന്നു. സെൽഫി എടുക്കാനും കൊതുമ്പുവള്ളത്തിൽ പാടത്തിലൂടെ ചുറ്റാനും അവസരം ഒരുക്കുന്നുണ്ട്്. ഇന്റർനെറ്റിലൂടെ പൂക്കാഴ്ച്ചകൾ പുറം ലോകത്ത് എത്തിയതോടെ നാട്ടുകാരായ സന്ദർശകരും ഏറെ എത്തുന്നു. കുമരകത്ത്് 64 ഏക്കറിലാണ് ആമ്പൽപൂപ്പാടം. ടൂറിസം സീസണിൽ ആമ്പൽ വിരിഞ്ഞത്് സഞ്ചാരികൾക്കും ഏറെ സന്തോഷം പകരുന്നുണ്ട്. കോട്ടയം മലരിക്കലെ ആമ്പൽ പാടം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനുളള പദ്ധതി ഇതിനകം തന്നെ അധികൃതരുടെ പരിഗണനയിലാണെന്ന് അറിയുന്നു.