Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സിലും ലോകകപ്പിലും  റഷ്യയെ വിലക്കി, കാരണം ഇതാണ്

ലൊസേന്‍ - എല്ലാ പ്രമുഖ കായികമേളകളില്‍ നിന്നും ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി. 2020 ലെ ഒളിംപിക്‌സിലും 2022 ലെ ഖത്തര്‍ ലോകകപ്പിലും റഷ്യക്ക് കളിക്കാനാവില്ല. 2018 ലെ ലോകകപ്പിന്റെ ആതിഥേയരായിരുന്നു റഷ്യ. ഉത്തേജക മരുന്നടിയുമായി ബന്ധപ്പെട്ട രേഖകളില്‍ കള്ളക്കളി നടത്തുകയും വെള്ളം ചേര്‍ത്ത രേഖകള്‍ അന്വേഷണ സംഘത്തിന് നല്‍കുകയും ചെയ്തതിന്റെ പേരിലാണ് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. നാലു വര്‍ഷത്തേക്ക് റഷ്യന്‍ ഒഫിഷ്യലുകള്‍ക്ക് ഒരു പ്രധാന കായിക മേളയിലും പങ്കെടുക്കാനാവില്ല. പ്രധാന കായിക മേളകള്‍ നടത്താനോ നടത്തുന്നതിനായി അപേക്ഷ നല്‍കാനോ സാധ്യമല്ല. വാഡയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനമെടുത്തതെന്ന് വക്താവ് ജെയിംസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് വെളിപ്പെടുത്തി. ഏറ്റവും അവസാനം നടന്ന പ്രധാന കായികമേളയായ 2018 ലെ പ്യോംഗ്ചാംഗ് ശീതകാല ഒളിംപിക്‌സില്‍ 15 കായിക ഇനങ്ങളിലായി 168 റഷ്യന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇനി ഒരു കായിക ഇനത്തിലെയും ലോക ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്ക് പ്രാതിനിധ്യമുണ്ടാവില്ല. 2032 ലെ ഒളിംപിക്‌സ് വരെ ഒരു കായികമേളക്കും വേദിയൊരുക്കാനാവില്ല. ഇതിനകം റഷ്യക്ക് അനുവദിച്ച എല്ലാ പ്രധാന കായികമേളകളും മറ്റു രാജ്യങ്ങളിലേക്ക് മാറ്റും. 2022 ലെ ലോക വോളിബോള്‍ ചാ്മ്പ്യന്‍ഷിപ്പും 2023 ലെ യൂനിവേഴ്‌സിറ്റി ഗെയിംസും റഷ്യയില്‍ നിന്ന് മാറ്റുമോയെന്ന് വ്യക്തമായിട്ടില്ല. 2022 ല്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പും റഷ്യയിലാണ് നടക്കേണ്ടിയിരുന്നത്.  
2020 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ റഷ്യയെ അനുവദിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം ഫിഫക്ക് വിട്ടിരിക്കുകയാണ്. യൂറോ 2020 ല്‍ റഷ്യയിലെ സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കേണ്ട നാലു മത്സരങ്ങളെ വിലക്ക് ബാധിക്കില്ല. യൂറോ പ്രധാന കായികമേളയായി വാഡ പരിഗണിച്ചിട്ടില്ലെന്നതിനാലാണ് ഇത്. റഷ്യക്ക് അനുവദിച്ച 2021 ലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലും നിശ്ചയിച്ചതു പോലെ നടക്കും. 
വിലക്കിനെതിരെ സ്‌പോര്‍ട്‌സ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും റഷ്യയിലെ നിരപരാധികളായ അത്‌ലറ്റുകള്‍ക്ക് ഇത് ദുരന്തമാണെന്നും റഷ്യന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി മേധാവി യൂറി ഗാനസ് അഭിപ്രായപ്പെട്ടു. അപ്പീല്‍ നല്‍കണമോയെന്ന കാര്യത്തില്‍ ഈ മാസം 19 ന് റഷ്യ തീരുമാനമെടുക്കും. 

 

Latest News