Sorry, you need to enable JavaScript to visit this website.

വാഹനാപകടക്കേസിൽ ആറ് ലക്ഷം റിയാലിന്റെ നഷ്ടപരിഹാരം ഒഴിവായി; ശംസുദ്ദീൻ നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്- വാഹനാപകടക്കേസിൽ മൂന്നു വർഷത്തെ ജയിൽ വാസവും രണ്ടുവർഷത്തെ നിയമയുദ്ധവും അവസാനിച്ച് മലപ്പുറം സ്വദേശി ശംസുദ്ദീൻ നാട്ടിലേക്ക് മടങ്ങുന്നു. അഞ്ചുവർഷം മുമ്പുണ്ടായ വാഹനാപകടക്കേസിൽ 5,89,000 റിയാലിന്റെ നഷ്ടപരിഹാരവും പിഴകളും ഇഖാമ ഫീസുകളും ഒഴിവായി തർഹീലിൽനിന്ന് ഫൈനൽ എക്‌സിറ്റ് നേടിയാണ് മലപ്പുറം മഞ്ചേരി ഇളംകൂർ സ്വദേശി ശംസുദ്ദീൻ നാട്ടിലേക്ക് മടങ്ങുന്നത്. റിയാദ് കെ.എം. സി.സി വെൽഫയർ വിംഗിന്റെ നിരന്തര ഇടപെടലിലാണ് കേസിന് വഴിത്തിരിവുണ്ടായതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ശംസുദ്ദീൻ പറഞ്ഞു.
2003 ൽ ഫെബ്രുവരി 20 നാണ് ശംസുദ്ദീൻ ജോലി തേടി റിയാദിലെത്തിയത്. 12 വർഷത്തോളം മലയാളികളുടെ കീഴിലുള്ള ഫർണീച്ചർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു. 
ബുറൈദയിലും ഖസീമിലും ഉനൈസയിലും ഖർജിലും മജ്മയിലും അടക്കം വിവിധയിടങ്ങളിൽ നിന്ന് ഓർഡർ എടുത്ത് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങി ഗോഡൗ ണിൽ എത്തിക്കുകയായിരുന്നു ജോലി. നിർമാണം കഴിഞ്ഞാൽ അതത് സ്ഥലത്ത് എത്തിച്ചുകൊടുത്ത് പണം വാങ്ങും. സൂപ്പർ വൈസറായാണ് ശംസുദ്ദീൻ പ്രവർത്തിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ് ദവാദ്മിയിലേക്ക് കമ്പനി ആവശ്യാർഥം തന്റെ ടൊയോട്ട ഹൈലക്‌സുമായി പോയപ്പോഴാണ് അപകടമുണ്ടായത്. ലബ്ഹ റോഡിലൂടെ പോകുമ്പോൾ സ്വദേശി പൗരൻ ഓടിച്ചിരുന്ന കാർ ശംസുദ്ദീന്റെ വാഹനത്തിന് ഇടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തിൽ സൗദി പൗരൻ മരിക്കുകയും ശംസുദ്ദീന് പരിക്കേൽക്കുകയും ചെയ്തു. ശഖ്‌റയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയും ചികിത്സയുമായി രണ്ടാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ടൊയോട്ട ഹൈലക്‌സിന് ഇൻഷുറൻസില്ലെന്നും അപകടത്തിനുത്തരവാദി ശംസുദ്ദീനാണെന്നും കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയുന്നത്. തന്റെ തൊഴിലുടമയെ ഇൻഷുറൻസ് പുതുക്കാനുള്ള രേഖകളും പണവും ഏൽപിച്ചാണ് ശംസുദ്ദീൻ ദവാദ്മിയിലേക്ക് പോയിരുന്നത്. പക്ഷേ കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാത്തത് വിനയായി.
പോലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോൾ നേരെ ശഖ്‌റ ജയിലിലേക്കാണ് കൊണ്ടുപോയത്. വേണ്ട രീതിയിൽ കേസ് നടത്തിപ്പിനോ സഹായത്തിനോ ആരുമില്ലാതെ ദിനങ്ങൾ കഴിഞ്ഞുപോയി. മരിച്ച സൗദി പൗരനും പരിക്കേറ്റ കുട്ടികൾക്കും അപകടത്തിൽ പെട്ട വാഹനത്തിനുമടക്കം 5,89,000 റിയാൽ നഷ്ടപരിഹാരമായി അടക്കാനായിരുന്നു കോടതി വിധിയുണ്ടായത്. റിയാദിലുണ്ടായിരുന്ന സഹോദരൻ ശരീഫ് വഴി വിഷയം റിയാദ് കെ.എം. സി.സി വെൽഫയർ വിംഗിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ ജയിലിലും പോലീസിലും നിരന്തരം ഇടപെടുകയും ചെയ്തു. തുടർന്ന് കിംഗ് സൗദി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ മുഫറഹ് അൽഹത്താനിയെന്ന സൗദി പൗരന്റെ ജാമ്യത്തിൽ ശംസുദ്ദീനെ ജയിലിൽ നിന്നിറക്കി.
പിന്നീട് കേസുമായി രണ്ട് വർഷത്തോളം റിയാദിൽ കഴിയേണ്ടിവന്നു. കോടതിയിൽ നടന്ന വാദത്തിനിടയിൽ ശംസുദ്ദീന് നഷ്ടപരിഹാരം നൽകാൻ യാതൊരു വഴിയുമില്ലെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്തിയപ്പോൾ നഷ്ടപരിഹാരമായ 5,89,000 റിയാൽ നൽകുന്നതിൽ നിന്ന് ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. രണ്ടുവർഷത്തോളം ഇഖാമ പുതുക്കാനാവാത്തതിനാലുള്ള പിഴയും ട്രാഫിക് പിഴയും ഒഴിവാക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് തർഹീലിൽനിന്ന് ഫൈനൽ എക്‌സിറ്റ് നൽകി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്. കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകരായ റഫീഖ് മഞ്ചേരി, നൗഫൽ തിരൂർ, മറാത്തിലെ താജുദ്ദീൻ, ശഖ്‌റയിലെ അബ്ദുറസാഖ് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
 

Tags

Latest News