Sorry, you need to enable JavaScript to visit this website.

സഹപ്രവർത്തകനെ തലക്കടിച്ചു കൊന്ന് കത്തിച്ച കേസിൽ മലയാളിക്ക് ഏഴു വർഷം തടവ്

രണ്ടു ലക്ഷം റിയാൽ ദിയയും നൽകണം 

അൽഹസ- കൃഷിയിടത്തിൽ കൂടെ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയെ പൈപ്പ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയും കുറ്റകൃത്യം മറച്ചു വെക്കാൻ ഡീസൽ ഒഴിച്ച് കത്തിക്കുകയും ചെയ്ത കേസിൽ ആലപ്പുഴ കായംകുളം മുതുകുളം സ്വദേശിയായ ആദർശിന് (29) അൽ ഹസ അപ്പീൽ കോടതി ഏഴു വർഷം തടവ് വിധിച്ചു. മരിച്ചയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം റിയാൽ ബ്ലഡ് മണിയും നൽകണം.  
2015 ഫെബ്രുവരിയിലാണ് ഹുഫൂഫിൽനിന്നു നൂറ്റമ്പത് കിലോമീറ്റർ അകലെ 'ഫദീല'യിൽ കേസിനാസ്പദമായ സംഭവം നടന്നത്. ഫോൺ ചെയ്യാൻ മൊബൈൽ നൽകാതിരുന്നതിൽ കോപം പൂണ്ടാണ് സുഹൃത്തിനെ പിന്നിൽ നിന്നടിച്ചുവീഴ്ത്തിയത്. ട്രാവൽ, ടൂറിസം കോഴ്‌സ് പൂർത്തിയാക്കിയിട്ടുളള ആദർശ് നാട്ടിൽനിന്നെത്തി രണ്ടാഴ്ചക്കുള്ളിലായിരുന്നു കൊലപാതകം. 
സ്വന്തമായി സിം കാർഡ് ലഭിക്കാത്തതിനാൽ വീട്ടിലേക്ക് ഫോൺ ചെയ്യാൻ സഹപ്രവർത്തകന്റെ ഫോണാണ് ആദർശ് ആശ്രയിച്ചിരുന്നത്. രണ്ടു ദിവസമായി വീട്ടിലേക്ക് ഫോൺ ചെയ്യാൻ സാധിച്ചിരുന്നില്ല. ഫോൺ ചോദിച്ചപ്പോൾ നേപ്പാളി നൽകിയില്ലെന്നു മാത്രമല്ല മുഖത്തടിക്കുകയും ചെയ്തു. ദേഷ്യം നിയന്ത്രിക്കാനാകാതെ ആദർശ് ട്രാക്ടർ റിപ്പയർ ചെയ്തുകൊണ്ടിരുന്ന നേപ്പാളിയെ പിന്നിൽനിന്നു ഇരുമ്പ് പൈപ്പ് കൊണ്ടടിക്കുകയായിരുന്നു. ബോധം കെട്ടുവീണ ഇയാളെ തൊട്ടടുത്തുള്ള തമ്പിൽ കൊണ്ടുപോയിട്ട് അവിടെയുണ്ടായിരുന്ന ഡീസൽ തമ്പിന് മീതെ ഒഴിച്ചു തീക്കൊളുത്തുകയായിരുന്നുവെന്നാണ് കേസ്.
തീ പടർന്ന ഉടനെ കുറച്ചകലെയുള്ള മറ്റൊരു തമ്പിലേക്ക് ആദർശ് ഓടിപ്പോയി. തീ കണ്ട് ഓടിയെത്തിയ സ്വദേശി പൗരനാണ് പോലീസിൽ വിവരമറിയിച്ചത്. കമിഴ്ന്ന് കിടന്ന മുപ്പതുകാരനായ നേപ്പാളിയുടെ ജഡം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുൽകൃഷിയുള്ള തോട്ടം നനയ്ക്കുക, പുല്ലുവെട്ടുക തുടങ്ങിയ ജോലികളാണ് ഇരുവരും ചെയ്തിരുന്നത്. ആദ്യമായി വിദേശയാത്ര നടത്തിയ ആദർശിനു അപരിചിത ദേശത്തെത്തിയതിന്റെ വിഭ്രാന്തിയുണ്ടായിരുന്നതിനൊപ്പം നിയമങ്ങളെക്കുറിച്ചും അജ്ഞനായിരുന്നു.കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിക്കു വേണ്ടി നേപ്പാൾ എംബസിയാണ് കേസിനെത്തിയത്.  ഏഴു വർഷത്തിൽ രണ്ടു വർഷം പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ ഇളവ് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ബാക്കി അഞ്ചു വർഷം പൂർത്തീകരിച്ചാൽ മതി. ഇത്രനാളും ജയിലിൽ കിടന്നാൽ രണ്ടര മാസം കഴിയുമ്പോൾ ആ അഞ്ചു വർഷവും പൂർത്തിയാകും. ബ്ലഡ് മണി കൊടുക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് പിതാവും ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന ആദർശിന്റെ നിർധന കുടുംബം. ദിയ (ബ്ലഡ് മണി) അടച്ചാൽ എത്രയും പെട്ടെന്നു നാട്ടിലേക്ക് കയറിപ്പോകാമെന്നു ജയിൽ അധികൃതരും അറിയിച്ചിട്ടുണ്ട്. മോചനമുണ്ടാകാൻ എവിടെനിന്നെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദർശ് ഇരുമ്പഴികൾക്കുള്ളിൽ ദിനങ്ങളെണ്ണുന്നത്.
 

Tags

Latest News