Sorry, you need to enable JavaScript to visit this website.

വിദേശ യാത്രയെ വിമർശിച്ച ജഡ്ജിക്ക് സ്പീക്കറുടെ കൊട്ട് 

ദോഹ- വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് ഹൈക്കോടതിയിലെ ചില ജഡ്ജിമാർ പ്രതികരിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോടതി നിയമ നിർമാണ സഭക്ക് മുകളിലെല്ലെന്നും അവ രണ്ടും പരസ്പരം ബഹുമാനവും ആദരവും നിലനിർത്തി പ്രവർത്തിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രിമാരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട കോടതി പരാമർശത്തോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. ദോഹയിൽ ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച“മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീരാമകൃഷ്ണൻ. ജനപ്രതിനിധികളുടെ വിദേശ യാത്രകളോട് ചില ജഡ്ജിമാർ ഇങ്ങനെ പ്രതികരിക്കുന്നത് ജനാധിപത്യത്തോടുളള അവഹേളനം കൂടിയാണ്. മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരന്നു കിടക്കുകയാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രതിനിധികളായ ജനപ്രതിനിധികൾക്ക് വിദേശ യാത്രകൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. ഇത്തരം യാത്രകളിൽ അധികവും സർക്കാർ ചെലവിലല്ല. സർക്കാർ ചെലവിൽ നടത്തുന്ന യാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്ന്  പരിശോധിക്കാനെങ്കിലും കോടതി തയാറാവണം. 
ഇന്ന് ലോകത്തെ പല പ്രമുഖ കമ്പനികളും കേരളത്തിലേക്ക് വരുന്നത് ഇത്തരം യാത്രകളുടെ ഫലമായാണ്. കോടതി എന്തെങ്കിലും വിളിച്ച് പറയരുത്. ലോകത്ത് എവിടെ മലയാളിയുണ്ടോ അവിടെ പോകാനും അവരെ കാണാനും ജനപ്രതിനിധികൾക്ക് അവകാശമുണ്ടെന്നു സ്പീക്കർ പറഞ്ഞു.
രാജ്യത്ത് ഭരണഘടനയുടെ സംരക്ഷണത്തിനുളള ഒരു മുന്നണിയാണ് ഇന്നാവശ്യം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണ്. നിയമ നിർമാണത്തിന് അതിന്റേതായ രീതികളുണ്ടായിരിക്കേ രാജ്യത്തിന്റെ ഭരണഘടനാ ഭേദഗതി പോലും ഒരു തുണ്ട് കടലാസുമായി വന്ന് നടത്തുന്നത് അപകടകരമാണ്. അധികാര രാഷ്ട്രീയ മുന്നണികൾക്കതീതമായി ഭരണഘടന സംരക്ഷിക്കാൻ കൂട്ടായ്മ രൂപപ്പെടണം.
ലോക കേരള സഭ ലോക ജനാധിപത്യത്തിൽ തന്നെ വലിയ മാതൃകയാണ്. വരുന്ന ജനുവരി 1, 2, 3 തീയതികളിൽ രണ്ടാം ലോക കേരള സഭ യോഗം ചേരും. ഒന്നാം ലോക കേരള സഭയിൽ ഉണ്ടായ ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ നൽകിയ നിരവധി നിർദേശങ്ങൾ വരുന്ന സഭയിൽ ചർച്ച ചെയ്യും. ഒരു പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരിൽ ലോക കേരള സഭ പോലുളള സമിതികളിൽനിന്ന് രാജിവെച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവിനോടും മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളോടും നടപടി പുനഃപരിശോധിക്കാൻ താൻ അഭ്യർഥിച്ചതായും സ്പീക്കർ പറഞ്ഞു. 
പ്രവാസികളെ ഏറെ പരിഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്, പ്രവാസി ഡിവഡന്റ് പെൻഷൻ സർക്കാർ അംഗീകരിച്ചു. 10  കോടി രൂപ  വരുന്ന നിക്ഷേപ പദ്ധതികൾ സ്വന്തം ഉത്തരവാദിത്തത്തിൽ തുടങ്ങി മൂന്ന് വർഷം കൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി. റോഡരികിലെ സർക്കാർ സ്ഥലങ്ങളിൽ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ അവസരം സൃഷ്ടിക്കും. നോർക്ക വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമാണ്. തിരിച്ചുവരുന്ന സാധാരണക്കാരായ പ്രവാസികളുടെ പുനരധിവാസത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. 
മീറ്റ് ദി പ്രസ് പരിപാടിയിൽ ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡന്റ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ്  സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
 

Tags

Latest News