Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സർക്കാർ പദ്ധതികളിലേക്ക് പ്രാദേശിക ഉൽപന്നങ്ങൾ നിർബന്ധം

റിയാദ്- സർക്കാർ ഓഫീസുകളിലേക്കും പദ്ധതികളിലേക്കും ഉൽപന്നങ്ങൾ എത്തിക്കാൻ കരാർ ചെയ്ത സ്ഥാപനങ്ങൾ പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങളാണ് വാങ്ങേണ്ടതെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ അറിയിച്ചു. 


പ്രാദേശിക ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കും പ്രാമുഖ്യം നൽകി പരിഷ്‌കരിച്ച ടെണ്ടർ ആന്റ് പ്രൊക്യുർമെന്റ് നിയമാവലി രണ്ടാഴ്ച മുമ്പാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇന്നലെ മുതലാണ് നിയമാവലി പ്രാബല്യത്തിലായത്. ധനമന്ത്രാലയം, ചെലവ് കാര്യക്ഷമത കേന്ദ്രം, പ്രാദേശിക വിപണന അതോറിറ്റി, സർക്കാർ സംഭരണ കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് പുതിയ വ്യവസ്ഥകൾ നടപ്പിലാക്കുക. ഇത് പ്രാദേശിക വിപണിക്ക് ഉത്തേജനം നൽകുമെന്നും ആഭ്യന്തര ഉൽപാദന നിരക്കിൽ വർധനയുണ്ടാകുമെന്നും കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം വർധിക്കാനും ഇത് ഇടയാക്കും. ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ അത്തരം കമ്പനികളുടെ ഭാവി സുരക്ഷിതമാവുകയും ചെയ്യും.
പ്രാദേശിക നിർമാതാക്കളിൽ നിന്ന് വാങ്ങേണ്ട ഉൽപന്നങ്ങളുടെ ലിസ്റ്റ് പ്രാദേശിക വിപണന അതോറിറ്റി വൈകാതെ പുറത്തിറക്കും. ചെലവ് കാര്യക്ഷമത സമിതിയാണ് ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ട പദ്ധതികളെ നിർണയിക്കേണ്ടത്. അതോടൊപ്പം തന്നെ ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിച്ച് ടെണ്ടറിനാവശ്യമായ വിലയും നിശ്ചയിക്കും. 

പ്രാദേശിക ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും സർക്കാർ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഉൽപന്നങ്ങളുടെ ഉള്ളടക്കം അളക്കുന്നതിനുമായി ഏകീകൃത പോർട്ടൽ സംവിധാനം വൈകാതെ നിലവിൽ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. ടെണ്ടറിൽ പങ്കെടുക്കുന്നവർക്ക് ഉൽപന്നങ്ങളുടെ വില സംബന്ധിച്ച് അറിയുന്നതിന് ഏറെ ഉപകാരപ്രദമാകുമിത്. പോർട്ടൽ സംവിധാനം നടപ്പാക്കുന്നതോടെ ഇതിൽ ലിസ്റ്റ് ചെയ്ത പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങൽ കരാറുകാർക്ക് നിർബന്ധമാകും. മറ്റു ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ അവർക്കെതിരെ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പദ്ധതികളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക ആസൂത്രണത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും വിഷൻ 2030ന്റെ ഭാഗമായ പുതിയ നിയമം ഉപകരിക്കും. അതോടൊപ്പം തന്നെ ഈ മേഖലയിൽ നിലനിൽക്കുന്ന അഴിമതി ഇല്ലാതാക്കാനും പൊതുമുതൽ സംരക്ഷിക്കാനും സഹായകമാകും. പ്രാദേശിക വിപണിയെ കൂടുതൽ ആശ്രയിക്കുമ്പോൾ തൊഴിലവസരം വർധിക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
 

Latest News