Sorry, you need to enable JavaScript to visit this website.

വിദേശ ജോലി വാഗ്ദാനങ്ങളിൽ  ചതിക്കുഴികൾ നിറയുന്നു

സി.എച്ച് അബ്ദുറഹിമാൻ

ജിദ്ദ-വിദേശ ജോലി വാഗ്ദാനങ്ങളിൽ കബളിപ്പിക്കപ്പെടുന്ന മലയാളികളുടെ സംഖ്യ പെരുകി വരികയാണെന്ന് ഇന്ത്യൻ പേഴ്‌സണൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ പ്രസിഡന്റ് സി.എച്ച്. അബ്ദുറഹിമാൻ. 


കാനഡയിലും മറ്റും കണ്ണഞ്ചിപ്പിക്കുന്ന ശമ്പളമെന്നൊക്കെ കണ്ട് പുറപ്പെടുന്നതിന് മുമ്പ് റിക്രൂട്ട് ചെയ്യുന്ന ഏജൻസിയുടെ ആധികാരികത ഉറപ്പു വരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഉദ്യോഗാർഥികളുടെ പണം പിടുങ്ങാൻ വെബ്‌സൈറ്റ് ആർക്കും തുടങ്ങാം. 


അതിൽ നിർദേശിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് പണവും നിക്ഷേപിച്ച് യാത്ര തിരിക്കുന്നവരാണ് പലപ്പോഴും കെണിയിൽ പെടുന്നത്. പലപ്പോഴും സന്ദർശക വിസയായിരിക്കും ലഭിക്കുക. ഇതു കൊണ്ട് വിദേശ രാജ്യം സന്ദർശിച്ച് മടങ്ങാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഉദ്യോഗാർഥി വിദേശ രാജ്യത്ത് എത്തുമ്പോഴേക്ക് വെബ്‌സൈറ്റും ബാങ്ക് അക്കൗണ്ടുമെല്ലാം അപ്രത്യക്ഷമായിട്ടുണ്ടാവും. ഗൾഫ് രാജ്യങ്ങളിലെ പോലെ റിക്രൂട്ട്‌മെന്റ് നടക്കാത്ത രാജ്യങ്ങളാണ് പടിഞ്ഞാറുള്ളത്. എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ട് ജോലി ഉറപ്പിക്കുന്നവരാണ് പലരും. ഷിപ്പിംഗ് കമ്പനിയിലെ ആകർഷക ജോലിയെന്ന് പറഞ്ഞ് ചതിക്കുന്നവരും ഏറെയാണ് -അബ്ദുറഹിമാൻ വിശദീകരിച്ചു. 


ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് ജോലിക്ക് പുറപ്പെടുന്നവർ റിക്രൂട്ടിംഗ് ഏജൻസിയുടെ ആധികാരികത ഉറപ്പു വരുത്തണം. ഏജൻസി ഭാരത സർക്കാർ അംഗീകരിച്ചതാണോ എന്ന് ഗവണ്മെന്റ് സൈറ്റിൽ പരിശോധിച്ചാൽ മനസ്സിലാവും. ഇപ്പോഴും ഏജൻസി ആക്ടീവാണോ എന്നു കൂടി സൈറ്റിൽ നിന്ന് മനസ്സിലാക്കണം. അടുത്തിടെ മുംബൈയിൽനിന്ന് ഒരു മലയാളി ഉദ്യോഗാർഥി ബാങ്കോക്കിലേക്ക് യാത്ര തിരിച്ചത് നിറഞ്ഞ പ്രതിക്ഷകളോടെയായിരുന്നു. 


ഒന്നര ലക്ഷമാണ് വിസക്ക് വേണ്ടി റിക്രൂട്ട് ചെയ്തവർ ആവശ്യപ്പെട്ടത്. എഴുപത്തി അയ്യായിരം നാട്ടിൽ നിന്ന് വാങ്ങി ബാങ്കോക്കിലെത്തിയപ്പോഴാണ് അറിയുന്നത് വിസിറ്റ് വിസ നൽകി കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന്. 
ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്ന ഇന്ത്യക്കാരായ അവിദഗ്ധ തൊഴിലാളികളുടെ  കാര്യത്തിൽ കേന്ദ്ര സർക്കാർ അൽപം കൂടി അനുഭാവപൂർണമായ സമീപനം കാണിക്കേണ്ടതുണ്ട്. കേന്ദ്രം നിശ്ചയിച്ച മിനിമം വേതനം പലപ്പോഴും അതിഥി രാജ്യത്ത് ലഭ്യമാകണമെന്നില്ല. അവിദഗ്ധ തൊഴിലാളിക്ക് 1500 റിയാലും 300 റിയാൽ ഭക്ഷണ അലവൻസുമാണ് കേന്ദ്രം നിശ്ചയിച്ചതെന്നിരിക്കട്ടെ. ഇതേ തൊഴിലിന് ലഭിക്കാവുന്ന പരമാവധി 1200 റിയാലാണ് ശമ്പളമെങ്കിൽ റിക്രൂട്ടിംഗ് ഏജൻസി രണ്ടു തരത്തിലുള്ള കരാർ തയാറാക്കാൻ നിർബന്ധിതരാവുന്നു. 


പിന്നീടെന്തെങ്കിലും പ്രശ്‌നം ഉത്ഭവിക്കുമ്പോഴാണ് ഇതിന്റെ കുഴപ്പം. മാത്രവുമല്ല, ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ തൊഴിലാളികൾ ലഭ്യമാണുതാനും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റ് വർധിച്ചു വരികയാണെന്നതാണ് വസ്തുത. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ വിദേശ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കാൻ ചില നീക്കങ്ങൾ നടത്തിയിരുന്നു. 
അതിനായി അവർ റിക്രൂട്ടിംഗ് ഏജൻസികളുടെ യോഗം വിളിച്ചുചേർത്തു. അവിദഗ്ധ തൊഴിലാളിയുടെ മിനിമം വേതനം 200-250 ഡോളർ വരെയാക്കി നിശ്ചയിക്കാമെന്ന് ധാരണയാവാമെന്നത് ഏവരും അംഗീകരിച്ചതുമായിരുന്നു. അതിനിടക്കാണ് അവർ വിട പറഞ്ഞത്. പിന്നീട് ഇതു സംബന്ധിച്ച് നടപടികളൊന്നുമുണ്ടായില്ല.  


ഇന്ത്യയാണ് മാൻ പവറിന്റെ കാര്യത്തിൽ ഏഷ്യയിലെ തലയെടുപ്പുള്ള വിപണി. പക്ഷേ, വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഫിലിപ്പൈൻസിനെ മാതൃകയാക്കി വിദേശ തൊഴിൽ അന്വേഷകർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നത് ഗുണകരമായിരിക്കും. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ ഭാഷാ പ്രാവീണ്യവും വലിയ പ്രശ്‌നമാവാറുണ്ട്. ഇംഗഌഷിലെ ആശയ വിനിമയ ശേഷി വിജയത്തിന്റെ താക്കോലാണെന്ന് നമ്മുടെ യുവതലമുറ തിരിച്ചറിയേണ്ടതുണ്ട്. 


ഗൾഫിലെത്തിയ ശരാശരി മലയാളി റിസ്‌കെടുക്കാൻ തയാറാവുന്നില്ലെന്നതും പ്രശ്‌നമാണ്. അറ്റൻഡറായി ജോലിയിൽ പ്രവേശിച്ച് ഉന്നത പദവിയിൽ വിരമിക്കുന്ന ഉത്തരേന്ത്യക്കാരെ അപേക്ഷിച്ച് ലഭിച്ച ജോലിയിൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാനാണ് മലയാളി ശ്രമിക്കുന്നത് -അബ്ദുറഹിമാൻ പറഞ്ഞു. കോഴിക്കോട് പയ്യോളി സ്വദേശിയായ അബ്ദുറഹിമാൻ മുംബൈ കേരള മുസ്‌ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് മഹാരാഷ്ട്ര ഘടകത്തിന്റെ പ്രസിഡന്റുമാണ്. 

 

Tags

Latest News