Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലേക്ക് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റിന് വെള്ളിയാഴ്ച തുടക്കം

കൊൽക്കത്ത- പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിനോട് ഏറെനാളായി തുടരുന്ന എതിർപ്പ് അവസാനിപ്പിച്ച് ഇന്ത്യ വെള്ളിയാഴ്ച ഗ്രൗണ്ടിലേക്ക്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ തുടക്കമാവും. ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് പിങ്ക് ബോൾ ഇന്ത്യ പരീക്ഷിക്കുന്നത്. ടെസ്റ്റിലേക്ക് കൂടുതൽ ടി.വി പ്രേക്ഷകരെ ആകർഷിക്കുന്നതിനും കൂടിയാണ് പകൽ-രാത്രി മത്സര ഷെഡ്യൂളിലേക്ക് ഇന്ത്യയും എത്തുന്നത്. 
2015 ൽ അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിൽ നടന്ന ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിന് ശേഷവും ഇന്ത്യ ഈ രീതിയിലുള്ള മത്സരക്രമത്തിനോട് കടുത്ത എതിർപ്പ് ഉയർത്തി വരികയായിരുന്നു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ ഡേ-നൈറ്റ് മത്സരത്തിന് ഇന്ത്യ വിസമ്മതം അറിയിച്ചു. ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ് തുടങ്ങിയ മുൻനിര ക്രിക്കറ്റ് രാജ്യങ്ങളെല്ലാം ഇതോടകം ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചിട്ടുണ്ട്. എന്നാൽ ബി.സി.സി.ഐ ഇതിനോട് മുഖംതിരിച്ചുനിൽക്കുകയായിരുന്നു. 
ബി.സി.സി.ഐയുടെ അധ്യക്ഷനായി ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ നാട്ടിലാണ് ചരിത്രത്തിലേക്ക് കൂടി സാന്നിധ്യമറിയിച്ച് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് തുടക്കമാകുന്നത്. ബംഗ്ലദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരത്തിനെത്തും. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചത് ഗാംഗുലിയായിരുന്നു. തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പിങ്ക് ബോൾ ടെസ്റ്റിന് സമ്മതം മൂളി. 
ക്യുറേറ്റർ സുജൻ മുഖർജിയും സംഘവും ഗ്രൗണ്ടിലെ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഒരാഴ്ച മുമ്പ് ബി.സി.സി.ഐയുടെ മുഖ്യ ക്യുറേറ്റർ ആശിഷ് ബൗമിക് ഈഡനിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. സൗരവ് ഗാംഗുലിയും ഇന്നലെ സ്റ്റേഡിയം സന്ദർശിച്ചു. ആഭ്യന്തര തലത്തിൽ വിരലിലെണ്ണാവുന്ന പിങ്ക് ബോൾ മത്സരങ്ങൾ മാത്രമേ രാജ്യത്ത് നടന്നിട്ടുള്ളൂ. പ്രധാനമായും ദുലീപ് ട്രോഫി ടൂർണമെന്റിലാണ് ബി.സി.സി.ഐ പിങ്ക് ബോൾ മത്സരങ്ങൾ പരീക്ഷിച്ചത്. പകൽ-രാത്രി ക്രമത്തിൽ നടന്ന മൂന്നു ദുലീപ് ട്രോഫി സീസണുകളിലും കൂക്കുബുറ നിർമിച്ച പന്തുകൾ ക്രിക്കറ്റ് ബോർഡ് ഉപയോഗിച്ചു. എന്നാൽ നാളെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് എസ്.ജിയുടെ പിങ്ക് പന്തുകളാണ് വാങ്ങിയിരിക്കുന്നത്. നിറം കൃത്രിമമായതുകൊണ്ട് കളി പുരോഗമിക്കുന്തോറും പിങ്ക് പന്തുകൾക്ക് യഥാർത്ഥ നിറം നഷ്ടപ്പെടും. മാത്രമല്ല, തിളക്കവും മിനുസവുമുള്ള 'ഗ്ലോസി' ഫിനിഷാണ് പിങ്ക് പന്തുകൾക്ക്. ഇക്കാരണത്താൽ പരുക്കൻ പ്രതലങ്ങളിൽ പിങ്ക് പന്തുകൾ പെട്ടെന്നു മങ്ങുകയും ചെയ്യും. ഈഡൻ ഗാർഡൻസിൽ ഈ പ്രശ്‌നം കാര്യമായി തലപൊക്കില്ല. ഗ്രൗണ്ടിൽ കട്ടിയേറിയ പുൽപ്പച്ചപ്പുള്ളതാണ് കാരണം. പിച്ചിലും പുൽനാമ്പുകൾ ധാരാളമായി തഴുകിയൊരുങ്ങുന്നുണ്ട്.

ഉയർന്ന നിലവാരമുള്ള കളിമണ്ണ് ഉപയോഗിച്ചാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഈഡനിലെ പിച്ച് നിർമിച്ചിരിക്കുന്നത്. പിച്ച് പ്രതലം താരതമ്യേന മിനുസമുള്ളതായിരിക്കും. തത്ഫലമായി പന്തിന് എളുപ്പം കേടുപാടുകൾ സംഭവിക്കില്ല. ഗ്രൗണ്ടിലെ ജലസേചനം ക്യുറേറ്റർ മുഖർജി നിർത്തിവെച്ചിരിക്കുകയാണ്. ഈ നടപടി വഴി ഗ്രൗണ്ടിലെ പുല്ല് ഉണങ്ങി നിൽക്കും. രാത്രിയെത്തുന്ന ഈർപ്പം കളിയെ സാരമായി ബാധിക്കില്ല. ഇതേസമയം, ഈർപ്പം കൂടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാൽ പ്രയോഗിക്കാൻ ആന്റഡ്യൂ സ്‌പ്രേയും സജ്ജമാണ്. ഇടക്കാലത്ത് പെയ്ത മഴയും ബുൾബുൾ പ്രതിഭാസവും പിച്ചിന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കളിയിൽ അപ്രതീക്ഷിത ബൗൺസ് പ്രതീക്ഷിക്കാം. എന്തായാലും മൂന്നാം സെഷൻ ബാറ്റിംഗ് ടീമിന് അനുകൂലമാകാനാണ് സാധ്യത കൂടുതൽ. പന്തു നനഞ്ഞാൽ സ്പിന്നും സ്വിംഗും കണ്ടെത്താൻ ബൗളർമാർ നന്നെ വിഷമിക്കും. ഈ അവസരം ബാറ്റിംഗ് ടീമിന് അനായാസം റൺസ് കണ്ടെത്താൻ വിനിയോഗിക്കാം. സ്റ്റാർ സ്‌പോർട്‌സാണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്.
 

Latest News