Sorry, you need to enable JavaScript to visit this website.

കോപക്ക് കണക്കു തീര്‍ത്ത് മെസ്സിയും അര്‍ജന്റീനയും

റിയാദ് - ആവേശം നിറഞ്ഞൊഴുകിയ റിയാദിലെ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ലിയണല്‍ മെസ്സിക്കും അര്‍ജന്റീനക്കും ആഹ്ലാദരാവ്. ലോക ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ പുതിയ അധ്യായത്തില്‍ അര്‍ജന്റീനയുടെ പടക്കുതിരകള്‍ക്കു മുന്നില്‍ മഞ്ഞപ്പടക്ക് അടിതെറ്റി. കോപ അമേരിക്ക ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ബ്രസീലില്‍ നിന്നേറ്റ തോല്‍വിക്ക് ലിയണല്‍ മെസ്സിയും അര്‍ജന്റീനയും റിയാദിലെ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കണക്കു തീര്‍ത്തു. കോപക്കു ശേഷം ആദ്യമായി അര്‍ജന്റീനയുടെ ജഴ്‌സിയിട്ട ലിയണല്‍ മെസ്സിയുടെ ഗോളില്‍ സൗഹൃദ മത്സരം അര്‍ജന്റീന 1-0 ന് ജയിച്ചു. ബ്രസീലിനായിരുന്നു ആധിപത്യമെങ്കിലും അര്‍ജന്റീന ഗോളിയെ വിറപ്പിക്കാന്‍ അവര്‍ക്ക് അധികം അവസരങ്ങളൊന്നും കിട്ടിയില്ല. പന്ത്രണ്ടാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ മെസ്സി അര്‍ജന്റീനയെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു. 
തുടക്കത്തില്‍ തന്നെ രണ്ട് പെനാല്‍ട്ടികള്‍ കണ്ട മത്സരത്തില്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല. എട്ടാം മിനിറ്റില്‍ ലിയാന്ദ്രൊ പരേദെസ് ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസൂസിനെ വീഴ്ത്തിയതിനായിരുന്നു ആദ്യം റഫറി സ്‌പോട് കിക്കിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ ജെസൂസിന്റെ ദുര്‍ബലമായ ഷോട്ട് ലക്ഷ്യം തെറ്റി. അതിന് ബ്രസീല്‍ കനത്ത വില നല്‍കേണ്ടി വന്നു. 
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ബോക്‌സിലേക്ക് കുതിച്ച മെസ്സിയെ ഡിഫന്റര്‍ അലക്‌സ് സാന്ദ്രൊ പരുക്കനടവിലൂടെ തടഞ്ഞു. മെസ്സിയുടെ പെനാല്‍ട്ടി ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കര്‍ ആദ്യം തടുത്തെങ്കിലും റീബൗണ്ട് മെസ്സി തന്നെ ഗോളാക്കി.
റിയാദിലെ കാണികളിലേറെയും അര്‍ജന്റീനക്കു പിന്നിലായിരുന്നു. മെസ്സിയുടെ പേര് അവര്‍ ആര്‍ത്തു വിളിച്ചു. എന്നാല്‍ ബ്രസീലിനായിരുന്നു കളിക്കളത്തില്‍ മേധാവിത്തം. 
 

Latest News