Sorry, you need to enable JavaScript to visit this website.

പകരം വീട്ടി ഫെദരര്‍ സെമിയില്‍

ലണ്ടന്‍ - പിഴവറ്റ ടെന്നിസിലൂടെ നോവക് ജോകോവിച്ചിനെ 6-4, 6-3 ന് തകര്‍ത്ത റോജര്‍ ഫെദരര്‍ എ.ടി.പി വര്‍ഷാന്ത ഫൈനല്‍സിന്റെ സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. വിംബിള്‍ഡണ്‍ ഫൈനലിലേറ്റ നാടകീമായ തോല്‍വിക്ക് ഫെദരര്‍ പകരം ചോദിച്ചു. ഐതിഹാസികമായ ആ പോരാട്ടത്തിനു ശേഷം ഇരുവരുടെയും ആദ്യ മുഖാമുഖമാണ് ഇത്. 
ഡൊമിനിക് തിയേമിനോട് തോറ്റ് ടൂര്‍ണമെന്റാരംഭിച്ച ഫെദരര്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. തിയേമിനോടും തോറ്റ നോവക് പുറത്തായി. നോവക് തോറ്റതോടെ റഫായേല്‍ നദാല്‍ ഒന്നാം സ്ഥാനത്തോടെ വര്‍ഷമവസാനിപ്പിക്കുമെന്ന് ഉറപ്പായി.  
ആറു തവണ വര്‍ഷാന്ത കിരീടം നേടിയ ഫെദരര്‍ ഗാലറിയുടെ പിന്തുണയോടെ ആഞ്ഞടിച്ചപ്പോള്‍ നോവക് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടു. പതിനേഴാം തവണ വര്‍ഷാന്ത ടൂര്‍ണമെന്റിന് യോഗ്യത നേടിയ ഫെദരര്‍ പതിനാറാം തവണയാണ് സെമിയിലെത്തുന്നത്. അപ്രസക്തമായ മത്സരത്തില്‍ തിയേമിനെ മാറ്റിയൊ ബെററ്റീനി 7-6 (7-3), 6-3 ന് തോല്‍പിച്ചു. 
രണ്ടാം ഗ്രൂപ്പില്‍ നിന്ന് സ്റ്റെഫനോസ് സിറ്റ്‌സിപാസ് സെമിയിലെത്തിയിട്ടുണ്ട്. നദാല്‍, നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വരേവ്, ഡാനില്‍ മെദവദേവ് എന്നിവരിലൊരാള്‍ കൂടി സെമിയിലെത്തും. 

Latest News