Sorry, you need to enable JavaScript to visit this website.

മായാങ്കിനു മുന്നില്‍ കാംബ്ലി മാത്രം

ഇന്‍ഡോര്‍ - കരിയറിലെ ആദ്യ രണ്ട് ഡബ്ള്‍ സെഞ്ചുറി തികക്കാന്‍ ഡോണ്‍ ബ്രാഡ്മാന് 13 ഇന്നിംഗ്‌സ് കളിക്കേണ്ടി വന്നിരുന്നു. മായാങ്ക് അഗര്‍വാളിന് വേണ്ടിവന്നത് 12 ഇന്നിംഗ്‌സ് മാത്രം. ഒരാള്‍ മാത്രമേ കുറഞ്ഞ ഇന്നിംഗ്‌സില്‍ രണ്ട് ഇരട്ട ശതകം നേടിയിട്ടുള്ളൂ, ഇന്ത്യയുടെ വിനോദ് കാംബ്ലി (5).
എട്ട് സിക്‌സറുണ്ടായിരുന്നു മായാങ്കിന്റെ ഇന്നിംഗ്‌സില്‍. എട്ടും സ്പിന്നര്‍മാര്‍ക്കെതിരെ. ഒമ്പതു തവണ ക്രീസ് വിട്ടിറങ്ങിയ ഓപണര്‍ അതില്‍ ആറു തവണ സിക്‌സറും രണ്ടു ബൗണ്ടറിയുമടിച്ചു. തുടര്‍ച്ചയായ നാലാമത്തെ ടെസ്റ്റിലാണ് ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാനെങ്കിലും ഇരട്ട സെഞ്ചുറിയടിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ മായാങ്ക്, രോഹിത് ശര്‍മ, വിനോദ് കാംബ്ലി എന്നിവര്‍ ഇരട്ട സെഞ്ചുറിയടിച്ചിരുന്നു. 
ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ മാസം നേടിയ 215 റണ്‍സായിരുന്നു ഇതുവരെ മായാങ്കിന്റെ കരിയര്‍ ബെസ്റ്റ്. 
എട്ട് സിക്‌സറും 28 ബൗണ്ടറിയുമടിച്ച മായാങ്ക് സ്പിന്നര്‍ മെഹ്ദി ഹസനെതിരായ സിക്‌സറോടെയാണ് 303 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മെഹ്ദിക്കെതിരായ മറ്റൊരു സിക്‌സറിനുള്ള ശ്രമത്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ പിടികൊടുത്തു. ചേതേശ്വര്‍ പൂജാര (54), അജിന്‍ക്യ രഹാനെ (86), രവീന്ദ്ര ജദേജ (60 നോട്ടൗട്ട്) എന്നിവര്‍ അര്‍ധ ശതകം തികച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (0) രോഹിത് ശര്‍മയുമാണ് (6) പരാജയപ്പെട്ടത്. 83 ടെസ്റ്റില്‍ പത്താം തവണയാണ് കോഹ്‌ലി അക്കൗണ്ട് തുറക്കാതെ പുറത്താവുന്നത്. പെയ്‌സ്ബൗളര്‍ അബുജായിദിന് നാലു വിക്കറ്റ് കിട്ടി. ജദേജക്കൊപ്പം ഉമേഷ് യാദവാണ് (10 പന്തില്‍ 25 നോട്ടൗട്ട്) ക്രീസില്‍. 
ആദ്യ ദിനം 32 ലുള്ളപ്പോള്‍ ക്യാച്ചില്‍ നിന്നു രക്ഷപ്പെട്ട മായാങ്കിനെതിരെ 86 ലുള്ളപ്പോള്‍ അമ്പയര്‍ എല്‍.ബി വിധിച്ചിരുന്നു. ഡി.ആര്‍.എസിലൂടെ അനുകൂല വിധി നേടിയ ശേഷം 183 പന്തില്‍ സെഞ്ചുറി കടന്നു.
മായാങ്ക് രണ്ടാം വിക്കറ്റില്‍ പൂജാരക്കൊപ്പം 91 റണ്‍സും നാലാം വിക്കറ്റില്‍ രഹാനെക്കൊപ്പം 190 റണ്‍സും അഞ്ചാം വിക്കറ്റില്‍ ജദേജക്കൊപ്പം 123 റണ്‍സും ചേര്‍ത്തു.  

Latest News