Sorry, you need to enable JavaScript to visit this website.

കേരള മുസ്‌ലിംകളുടെ ആദ്യഗ്രന്ഥം കഠോരകഠാരമല്ല അത് 'മുസൽമാൻദായ ശേറാസംഗ്രഹം'

സക്കരിയ തങ്ങൾ

കേരള മുസ്‌ലിംകൾ തങ്ങളുടെ മാതൃഭാഷയിൽ ആദ്യമായി എഴുതിയ മതസംബന്ധമായ ഗ്രന്ഥം 'കഠോരകഠാര'മാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാൽ അതിനും ഒരു വർഷം മുമ്പ് 'മുസൽമാൻദായ ശേറാസംഗ്രഹം' പുറത്തിറങ്ങിയിരുന്നുവെന്ന് കണ്ടെത്തിയത് തിരുവനന്തപുരം ആർട്‌സ് കോളേജിലെ ചരിത്രാധ്യാപകനായ സക്കരിയ്യ തങ്ങളാണ്.
തിരുവിതാംകൂറിലെ മുസ്‌ലിങ്ങളുടെ സാമൂഹിക പുരോഗതിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന സക്കരിയ്യ യാദൃഛികമായാണ് ഈ ഗ്രന്ഥം കണ്ടെത്തുന്നത്. നിയമസഭാ ലൈബ്രറിയിൽനിന്ന് 'മുസൽമാൻദായ ശേറാസംഗ്രഹം' കൈയ്യിലെടുക്കുമ്പോൾ അതൊരു കണ്ടെത്തലാകുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയിരുന്നില്ല. സയ്യിദ് സനാഉല്ല മക്തിതങ്ങൾ 1884 ലാണ് കഠോരകഠാരമെഴുതിയത്. ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായി ഇസ്‌ലാം മതത്തെയും ഹിന്ദുമതത്തെയും മറ്റും ആക്ഷേപിച്ച് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുക മതപ്രചാരകരുടെ അക്കാലത്തെ പതിവായിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമെന്ന നിലയിലാണ് മലയാളത്തിൽ കഠോരകഠാരമെഴുതുന്നത്. എന്നാൽ അതിന് മുമ്പ് 1883ൽ മുസ്‌ലിം ജനതയെ മാതൃഭാഷയിൽ അവരുടെ ശരിഅത്ത് നിയമങ്ങളെക്കുറിച്ച് ബോധവൽക്കുന്നതിനായി 'മുസൽമാൻദായ ശേറാസംഗ്രഹം' പ്രസിദ്ധീകരിക്കുകയായിരുന്നു. നിയമങ്ങളുടെ മുത്തുകൾ എന്നാണ് ഇതിന്റെ മലയാള അർത്ഥം. 
പൂളന്തറയ്ക്കൽ അമ്മദ് മുസ്‌ലിയാരാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മണലിൽ സൈനുദ്ദീൻ മുസ്‌ലിയാർ തങ്ങൾ പുസ്തകം പരിശോധിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളങ്ങരയിലെ(കുന്നംകുളം) വിദ്യാരത്‌നപ്രഭാ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിട്ടുള്ളത്. 
മുസൽമാൻദായശേറാസംഗ്രഹം വീണ്ടും പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് സക്കരിയ്യ തങ്ങൾ. പുതുമലയാളത്തിൽ ഇത് മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. പഴയനിലയിൽ പുസ്തകം പ്രസിദ്ധീകരിച്ചാൽ ഇപ്പോൾ പലർക്കുമത് വായിച്ചാൽ മനസിലാകില്ലെന്നാണ് സക്കരിയ്യ ചൂണ്ടിക്കാട്ടുന്നത്. അക്കങ്ങളൊക്കെ മലയാളത്തിലാണ്. ഈ അക്കങ്ങൾ ഇപ്പോൾ ഉപയോഗിക്കാറില്ല. ഭാഷാ പ്രയോഗവും വളരെ മുന്നോട്ട് പോയിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ചാണ് പുതിയരീതിയിൽ പുസ്തകം തയ്യാറാക്കുന്നത്.
അറബിമലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥം 1606-ൽ എഴുതപ്പെട്ട മുഹയുദ്ദീൻ മാലയാണെന്നാണ് കരുതപ്പെടുന്നത്. പിന്നീട് അറബി മലയാളം മുസ്‌ലിംകളുടെ എഴുത്തുഭാഷയായി വളർന്നു. നിരവധി സാഹിത്യകൃതികൾ അറബി മലയാളത്തിൽ ഉണ്ടായി. മാതൃഭാഷയിൽ ഗ്രന്ഥങ്ങൾ എത്താൻ വൈകിയത് ഇസ്‌ലാമിനെക്കുറിച്ച് ഇതര മതസ്ഥരിലും മറ്റും അറിവ് കുറയാൻ കാരണമായിട്ടുണ്ട്. മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷത്തിനും മാതൃഭാഷയിൽ ഗ്രന്ഥങ്ങളില്ലാത്തത് തെറ്റിദ്ധാരണകൾക്കിടയാക്കി. മതപുരോഹിതന്മാർ സാധാരണക്കാരെ ചൂഷണം ചെയ്യാൻ ഈ അവസരം ഉപയോഗിച്ചു. ഇതിനെതിരെയുള്ള ഒരു പോരാട്ടമെന്നനിലയിലാണ് വക്കം മൗലവിയെപ്പോലെയുള്ളവർ മുസ്‌ലിം എന്ന മാസിക മലയാള ഭാഷയിൽ അച്ചടിച്ചിറക്കിയത്. എന്നാൽ ഇത് മുസ്‌ലിം സ്ത്രീകളുടെ ഇടയിൽ വേണ്ടത്ര പ്രചരിക്കുന്നില്ലെന്ന് കണ്ട് പ്രത്യേകിച്ച് മലബാറിൽ വക്കം അബ്ദുൽഖാദർ ഇസ്‌ലാം എന്ന പേരിൽ അറബിമലയാളത്തിൽ മാസിക ഇറക്കാൻ നിർബന്ധിതനാവുകയായിരുന്നു. 
വക്കം മൗലവിക്കും മുമ്പ് പലശ്രമങ്ങളും ആ വഴിക്ക് നടന്നിരുന്നുവെന്നതിന്റെ തെളിവാണ് മുസൽമാൻ ദായശേറാസംഗ്രഹം. നിയമം വ്യാഖ്യാനിക്കുന്നവരെ ഉദ്ദേശിച്ചാവാം ഇങ്ങനെയൊരു ഗ്രന്ഥം പുറത്തിറക്കിയതെന്ന് കരുതുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ജഡ്ജിമാർക്കും അഭിഭാഷകർക്കും പള്ളി ഭരണകർത്താക്കൾക്കും മറ്റും ഈ ഗ്രന്ഥം വലിയതോതിൽ സഹായകരമാകുമെന്നതിൽ സംശയമില്ല.
പള്ളിക്കൂടത്തിൽ പഠിക്കുന്നകാലത്ത് തന്നെ ഒരു ചരിത്രാധ്യാപകനാകണമെന്ന് മോഹമുണ്ടായിരുന്നുവെന്ന് സക്കരിയ്യ തങ്ങൾ പറയുന്നു. കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ ചരിത്രം പഠിപ്പിച്ചിരുന്ന ലിസി ടീച്ചർ സക്കരിയ്യയെ സ്വാധീനിച്ചു. ലിസി ടീച്ചർ ഈയിടെ മരിച്ചു. ലോഗോസ് ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്ന സലീം സാറും തന്നിലെ ചരിത്രപ്രണയത്തെ തൊട്ടുണർത്തിയ പ്രിയ അധ്യാപകനായിരുന്നുവെന്ന് സക്കരിയ്യ പറയുന്നു. കൊല്ലം ടി.കെ.എം.കോളേജിലെ ലത്തീഫ, എം.ടി.നാരായണൻ, എസ്.എൻ.കോളേജിലെ പി.ശിവദാസൻ തുടങ്ങിയവരൊക്കെ സക്കരിയ്യക്ക് ചരിത്രത്തിന്റെ മേഖലയിലേക്ക് വെളിച്ചം തെളിച്ചുകൊടുത്തു. സക്കരിയ്യ ഇപ്പോൾ സ്വയം ചരിത്രത്തിലേക്ക് വെളിച്ചം തൂകുകയാണ്. 

 

 

 

Latest News