Sorry, you need to enable JavaScript to visit this website.

അറബ് സംഗീത ലോകത്തെ ഇന്ത്യൻ വർഷ

വർഷ രഞ്ജിത്തിന് അറബി അറിയില്ല. അറബ് രാജ്യങ്ങളുമായി ബന്ധവുമില്ല. എന്നാൽ ചെന്നൈയിൽ താമസിക്കുന്ന ഈ ഒമ്പതാം ക്ലാസുകാരിയെ അറബ് സംഗീത ലോകത്തിനറിയാം. ലെബനീസ് ഗായിക നാൻസി അജ്‌റമിന്റെ സൂപ്പർഹിറ്റ് പാട്ടുകൾ പാടി വിസ്മയിപ്പിച്ചിരിക്കയാണ് മലയാളിയായ ഈ കൊച്ചു മിടുക്കി. നാൻസിയുടെ പാട്ടുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തതോടെയാണ് വർഷ അറേബ്യൻ സംഗീതലോകത്തിന്റെ മനം കവർന്നത്. ഒരു ചാനൽ ചർച്ചക്കിടെ ആരാധകർ നൽകിയ വർഷയുടെ ഗാനം അവതാരക നാൻസിയുടെ ശ്രദ്ധയിൽപെടുത്തി. അക്ഷര സ്ഫുടതയോടെയുള്ള ഒറിജിനലിനെ വെല്ലുന്ന പാട്ട്‌കേട്ട് സാക്ഷാൽ നാൻസി തന്നെ അന്തംവിട്ടു. അറബി അറിയാത്ത ഒരാൾ ഇത്ര വശ്യമായി അറബിപ്പാട്ടു പാടിയത് ഏവരെയും വിസ്മയിപ്പിച്ചു. 'യ തബ്തബ്' എന്ന ഗാനമാണ് വർഷ പാടിത്തകർത്തത്. യൂട്യൂബിൽ ദശലക്ഷക്കണക്കിനാളുകളാണ് പാട്ടുകേട്ടത്. നാൻസിയുടെ തന്നെ 'അൽ ഹുബ്ബി'എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും വർഷ പാടിയിട്ടുണ്ട്.


നാലു ഭാഷകളിലായി നിരവധി ഹിറ്റു ഗാനങ്ങളാണ് വർഷ ആലപിച്ചിട്ടുള്ളത്. 'ഉന്നാ വിട്ടായാരൂയെനക്കില്ലാ' എന്ന തമിഴ് ഗാനം യൂട്യൂബിൽ തരംഗമായി. ഒരുകോടിയിലധികമാളുകളാണ് പാട്ടുകേട്ടത്. വിവിധ ഭാഷകളിലായി അമ്പതോളം സിനിമകൾക്കു വേണ്ടി വർഷ ഇതിനകം പാടിക്കഴിഞ്ഞു. അഞ്ചുസംഗീത ഉപകരണങ്ങൾ നന്നായി വായിക്കും.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്തിന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവനാണ് പിതാവ്. രഞ്ജിത്തും സംഗീത സംവിധായകനാണ്. അമ്മ ഷീബ മ്യൂസിക് അധ്യാപിക. സംഗീത കുടുംബത്തിൽ വളർന്ന വർഷ ചെറുപ്പത്തിൽ തന്നെ പാട്ടിന്റെ കൂട്ടുകാരിയായി. രണ്ടര വയസു മുതൽ പാടിത്തുടങ്ങി. ഒപ്പം വിവിധ സംഗീത ഉപകരണങ്ങളും പഠിച്ചു. പാട്ടിന്റെ താളത്തിനൊത്ത് അവ വായിക്കുന്നതിലും വൈദഗ്ധ്യം നേടി. 


നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, ട്രാഫിക് രാമസാമി, ആരുദ്ര, പുള്ളിക്കാരൻ സ്റ്റാറാ, ചാരുലത, സെമ്മരിയാട് തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടി. പൊൻമാണിക്കവേൽ എന്ന ചിത്രത്തിലെ'മകരാസനേ' എന്ന പാട്ട് ചിത്രം ഇറങ്ങുന്നതിനു മുമ്പേ ഹിറ്റായിക്കഴിഞ്ഞു. ഷാജി യൂസഫ് സംവിധാനം ചെയ്യുന്ന എൺപതുകളിലെ ഏഭ്യൻമാർ എന്ന ചിത്രത്തിനു വേണ്ടി അച്ഛൻ രഞ്ജിത്ത് സംവിധാനം ചെയ്ത പാട്ട് ഉടൻ പുറത്തിറങ്ങും.
നിരവധി ഭക്തി ഗാന ആൽബങ്ങളും വർഷയുടെ സ്വരമാധുരിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം സീരിയലുകളിലും ഈ കൊച്ചുമിടുക്കി പാടിയിട്ടുണ്ട്. ചെന്നൈയിലെ വിരുഗംപാക്കം ബാലലോക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ വർഷ ഇപ്പോൾ പാട്ടു പഠിക്കുന്നത് കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ കീഴിലാണ്. ശ്രേയഘോഷാലിനെ ഏറെ ഇഷ്ടപ്പെടുന്ന വർഷയ്ക്ക് ഡോക്ടറാവണമെന്നാണ് ആഗ്രഹം.

Latest News