Sorry, you need to enable JavaScript to visit this website.

ഈജിപ്തിൽ ഗ്യാസ് പൈപ്പ് ലൈനിൽ അഗ്നിബാധ: ഏഴു മരണം; 16 പേർക്ക് പരിക്ക്

കയ്‌റോ - മോഷണ ശ്രമത്തിനു പിന്നാലെ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ അഗ്നിബാധയിൽ ഏഴു പേർ മരണപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കവർച്ചാ ശ്രമം ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ചക്ക് ഇടയാക്കുകയായിരുന്നു. ഇതിനു മണിക്കൂറുകൾക്കു ശേഷമാണ് പ്രദേശത്ത് അഗ്നിബാധയുണ്ടായത്. പ്രദേശത്ത് എല്ലായിടത്തും ഗ്യാസിന്റെ ഗന്ധം തങ്ങിനിന്നതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. 
ബുധനാഴ്ച ഉച്ചയോടെ ബഹൈറ പ്രവിശ്യയിലെ ഇതായ് അൽബാറൂദിലാണ് ഗ്യാസ് പൈപ്പ് ലൈനിൽ കവർച്ചാ ശ്രമമുണ്ടായതെന്ന് പെട്രോളിയം പൈപ്പ് ലൈൻ കമ്പനി തലവൻ അബ്ദുൽ മുൻഇം ഹാഫിസ് പറഞ്ഞു. ചോർന്ന വാതകം അജ്ഞാത ഉറവിടത്തിൽ നിന്നുള്ള അഗ്നിനാളത്തിന്റെ ഫലമായി ആളിക്കത്തുകയായിരുന്നു. കവർച്ചാ ശ്രമം അറിഞ്ഞയുടൻ സാങ്കേതിക സംഘങ്ങൾ സ്ഥലത്ത് കുതിച്ചെത്തി ചോർച്ച നിയന്ത്രണ വിധേയമാക്കിയിരുന്നു. 
മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ കവർച്ചക്കാർ പൈപ്പ്‌ലൈൻ പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ഫലമായി പ്രദേശത്തെ മണ്ണിലും സമീപത്തെ കനാലിലും പെട്രോളിയം ഉൽപന്നം ചോർന്നു. ചോർച്ച നിയന്ത്രണ വിധേയമാക്കകുകയും പോലീസും പബ്ലിക് പ്രോസിക്യൂഷനും സ്ഥലം പരിശോധിച്ച് പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കുകയും ചെയ്ത ശേഷമാണ് അഗ്നിബാധയുണ്ടായതെന്നും അബ്ദുൽമുൻഇം ഹാഫിസ് പറഞ്ഞു. 
പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകളിൽ ഒരാൾ ഏതാനും പേരുമായി ചേർന്ന് ഇന്ധനം മോഷ്ടിക്കുന്നതിന് പൈപ്പ്‌ലൈൻ പൊട്ടിക്കുകയായിരുന്നെന്ന് ബഹൈറ ഗവർണർ മേജർ ജനറൽ ഹിശാം ആമിന പറഞ്ഞു. പരിക്കേറ്റവരെ ബഹൈറ പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ഖാലിദ് മുജാഹിദ് പറഞ്ഞു. 

 

Latest News