Sorry, you need to enable JavaScript to visit this website.

പെയ്‌സ് തിരിച്ചെത്തി, ഭൂപതി പുറത്തായി

ന്യൂദല്‍ഹി - പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ താരം ലിയാന്റര്‍ പെയ്‌സ് തിരിച്ചെത്തി. മഹേഷ് ഭൂപതിക്കു പകരം നോണ്‍പ്ലേയിംഗ് ക്യാപ്റ്റനായി രോഹിത് രാജ്പാലിനെ നിയമിച്ചു. 
ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ലിയാന്റര്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നത്. പാക്കിസ്ഥാനില്‍ നിന്ന് മത്സരം മാറ്റുന്നതിന് മുമ്പെ പെയ്‌സ് കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനില്‍ കളിക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ചിരുന്ന മുന്‍നിര കളിക്കാരായ സുമിത് നഗാല്‍, രാംകുമാര്‍ രാമനാഥന്‍, ശശികുമാര്‍ മുകുന്ദ്, രോഹന്‍ ബൊപ്പണ്ണ എന്നിവരും എട്ടംഗ ടീമിലുണ്ട്. ജീവന്‍ നെടുഞ്ചെഴിയന്‍, സാകേത് മയ്‌നേനി, സിദ്ധാര്‍ഥ റാവത് എന്നിവരാണ് മറ്റു കളിക്കാര്‍. ഇന്ത്യയുടെ സുരക്ഷാ ഭീതി പരിഗണിച്ച് പാക്കിസ്ഥാനു പുറത്ത് മത്സരം നടത്താനാണ് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ പാക്കിസ്ഥാന്‍ ടെന്നിസ് ഫെഡറേഷനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനെതിരെ പാക്കിസ്ഥാന്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ടോപ് സിംഗിള്‍സ് താരം പ്രജ്ഞേഷ് ഗുണേശ്വരന്‍ വിവാഹിതനാവുകയാണ്. പ്രജ്ഞേഷിനു പകരം രാംകുമാറിനൊപ്പം നഗാല്‍ സിംഗിള്‍സ് കളിക്കും. മുകുന്ദും മയ്‌നേനിയുമായിരിക്കും സിംഗിള്‍സ് റിസര്‍വ് താരങ്ങള്‍. ബൊപ്പണ്ണയും പെയ്‌സും നെടുഞ്ചെഴിയനും ഡബ്ള്‍സ് കളിക്കാരാണ്. 

Latest News