Sorry, you need to enable JavaScript to visit this website.

10 റണ്‍സിന് അഞ്ച് വിക്കറ്റ്, ബംഗ്ലാദേശ് തകര്‍ന്നു

ഇന്‍ഡോര്‍ - ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 150 ന് പുറത്ത്. രോഹിത് ശര്‍മ (6) എളുപ്പം പുറത്തായെങ്കിലും ഒന്നിന് 86 ലെത്തിയ ഇന്ത്യ ആദ്യ ദിനം മത്സരത്തിന്റെ കടിഞ്ഞാണേറ്റെടുത്തു. മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ച പെയ്‌സ്പടയാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ഷമിയും (13-5-27-3) ഇശാന്ത് ശര്‍മയും (12-6-20-2) ഉമേഷ് യാദവും (14.3-3-47-2) ഏഴ് വിക്കറ്റ് പങ്കുവെച്ചു. മുശ്ഫിഖുറഹീമിനെയും (43) മെഹ്ദി ഹസനെയും (0) ലിറ്റന്‍ ദാസിനെയും (21) തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഷമിയും ഇശാന്ത് ശര്‍മയും ടീം ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. സ്‌കോര്‍ 140 ല്‍ നില്‍ക്കെയാണ് മൂവരും പുറത്തായത്. അവസാന അഞ്ച് വിക്കറ്റ് 10 റണ്‍സിന് ബംഗ്ലാദേശ് നഷ്ടപ്പെടുത്തി. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി അവസരങ്ങള്‍ കൈവിട്ടിരുന്നില്ലെങ്കില്‍ ബംഗ്ലാദേശ് 100 കടക്കുമായിരുന്നില്ല. സ്ലിപ്പില്‍ അജിന്‍ക്യ രഹാനെ മാത്രം മൂന്ന് ക്യാച്ച് കൈവിട്ടു. അതില്‍ രണ്ടും ആര്‍. അശ്വിന്റെ ബൗളിംഗിലായിരുന്നു. അശ്വിന്റെ ബൗളിംഗില്‍ മൂന്ന് ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കി. 
ഉജ്വല ഫോമിലുള്ള രോഹിത് ശര്‍മ ഓപണറെന്ന നിലയില്‍ ആദ്യമായാണ് ഒറ്റയക്ക സ്‌കോറില്‍ പുറത്തായത്. പെയ്‌സ്ബൗളര്‍ അബുജായിദിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. മായാങ്ക് അഗര്‍വാളും (37 നോട്ടൗട്ട്) ചേതേശ്വര്‍ പൂജാരയും (43 നോട്ടൗട്ട്) ഇന്നിംഗ്‌സ് നേരെയാക്കി. അഭേദ്യമായ രണ്ടാം വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് ചേര്‍ത്തു. വെറും 69 പന്തിലായിരുന്നു ഇവരുടെ അര്‍ധ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്. 32 ലുള്ളപ്പോള്‍ അബുജായിദിന്റെ ബൗളിംഗില്‍ മായാങ്ക് അനുവദിച്ച അനായാസ ക്യാച്ച് സ്ലിപ്പില്‍ ഇംറുല്‍ ഖൈസ് പാഴാക്കി. ഏഴ് ബൗണ്ടറിയടിച്ച പൂജാര ഒരവസരവും നല്‍കിയില്ല. 

Latest News