Sorry, you need to enable JavaScript to visit this website.

കപിൽ സിക്‌സറുമായി രൺവീർ

ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രതാപം വാനോളമുയർത്തിയ സംഭവമാണ് 1983ലെ ലോകകപ്പ് വിജയം. ആ ചരിത്രനേട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്ന 83 എന്ന ബോളിവുഡ് ചിത്രം അണിയറയിൽ പുരോഗമിക്കുന്നു. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനായ കപിൽദേവിന്റെ വേഷത്തിലെത്തുന്നത് രൺവീർ സിംഗ്. 
ചിത്രത്തിന്റെ ഒരു സ്റ്റിൽ പുറത്തുവന്നതോടെ ക്രിക്കറ്റ് ആരാധകരും സിനിമാ ആരാധകരും ഒരുപോലെ ആവേശത്തിലാണ്. കപിലിന്റെ ശൈലിയിൽ രൺവീർ സിക്‌സർ പായിക്കുന്നതാണ് ചിത്രം. ഒറിജിനൽ കപിൽദേവ് തന്നെയാണോ ഇതെന്നാണ് ചിത്രം കണ്ട പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. സ്‌പോർട്‌സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ചിത്രം 2020 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. 
ഒരു സാധാരണ ടീമായി 1983ലെ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കപിൽദേവിന്റെ ക്യാപ്റ്റൻസിയാണ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിൽ അരങ്ങേറിയ ഇന്ത്യ ഫൈനലിൽ തോൽപ്പിച്ചതും വെസ്റ്റിൻഡീസിനെ തന്നെ. ഇതിനിടയിൽ ആവേശം കൊള്ളിക്കുന്ന എത്രയെത്ര പ്രകടനങ്ങൾ. സിംബാബ്‌വെക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ടീമിനെ 175 റൺസ് അടിച്ചുകൊണ്ട് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ കപിലിന്റെ ഇന്നിംഗ്‌സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഐതിഹാസിക പോരാട്ടങ്ങളിലൊന്നാണ്. ലോകകപ്പ് വിജയത്തിലെ അത്തരം രോമാഞ്ചജനകമായ മുഹൂർത്തങ്ങൾ കോർത്തിണക്കുന്നതാവും 83.
റിലയൻസ് എന്റർടെയ്ൻമെന്റും വിബ്രി മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കളിൽ ഒരാൾ ബോളിവുഡ് താരവും, രൺവീറിന്റെ ഭാര്യയുമായ ദീപിക പദുകോണാണ്. ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ ദീപിക അഭിനയിക്കുന്നുമുണ്ട്. 
ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ശ്രീകാന്തിന്റെ വേഷത്തിലെത്തുന്നത് തമിഴ് നടൻ ജീവയാണ്. സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിൻ, മൊഹീന്ദർ അമർനാഥായി സാഖിബ് സലീം, ദിലീപ് വെംഗ്‌സാർക്കറായി ആദിനാഥ് കോത്താരി, സെയ്ദ് കിർമാനിയായി സാഹിൽ ഖട്ടർ, മദൻലാലായി ഹാർഡി സന്ധു തുടങ്ങിയവർ അഭിനയിക്കുന്നു.

 

Latest News