Sorry, you need to enable JavaScript to visit this website.

സെയിൽസ്മാനെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റിൽ

റിയാദ് - ഡെലിവറി കമ്പനി സെയിൽസ്മാനെ ആക്രമിച്ച് പുതിയ മോഡൽ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സ്വദേശികളാണ്. വ്യാജ ഓർഡർ നൽകിയാണ് സെയിൽസ്മാനെ സംഘം കെണിയിൽ വീഴ്ത്താൻ ശ്രമിച്ചത്.  നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത കാറാണ് ഓർഡർ നൽകിയ ആളുകളുടെ പക്കലുള്ളതെന്ന്, ഓർഡർ പ്രകാരം പുതിയ മോഡൽ മൊബൈൽ ഫോണുമായി സ്ഥലത്തെത്തിയ സെയിൽസ്മാന്റെ ശ്രദ്ധയിൽ പെട്ടു. പണം നൽകാതെ മൊബൈൽ ഫോൺ കൈക്കലാക്കാനാണ് തുടക്കത്തിൽ സംഘം ശ്രമിച്ചത്. ഇതിന് സെയിൽസ്മാൻ വിസമ്മതിക്കുകയും സ്ഥലം വിടുകയും ചെയ്തു. 
മറ്റൊരു ഫോണിൽനിന്ന് വീണ്ടും ഇതേ സംഘം സെയിൽസ്മാനുമായി ബന്ധപ്പെട്ട് ഫോണിന് ഓർഡർ നൽകി. ഇതു പ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആദ്യ സംഘം തന്നെയാണ് ഓർഡർ നൽകിയതെന്ന് വ്യക്തമായത്. പണം കൈമാറുന്നതിനു മുമ്പായി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനെന്ന വ്യാജേന സംഘത്തിൽ ഒരാൾ മൊബൈൽ ഫോൺ കൈമാറാൻ ആവശ്യപ്പെട്ടു. ഉറപ്പിനു വേണ്ടി തൽക്കാലത്തേക്ക് തങ്ങളുടെ പക്കലുള്ള മൊബൈൽ ഫോൺ പണയമായി കൈമാറാമെന്നും ഇവർ പറഞ്ഞു. എന്നാൽ പണം നൽകാതെ മൊബൈൽ ഫോൺ നൽകില്ല എന്ന നിലപാടിൽ സെയിൽസ്മാൻ ഉറച്ചുനിന്നു. 
ഇതോടെ സംഘത്തിൽ ഒരാൾ സെയിൽസ്മാന്റെ കാറിന്റെ താക്കോൽ തട്ടിയെടുത്ത് മറ്റൊരു കാറിൽ രക്ഷപ്പെട്ടു. രക്ഷാശ്രമത്തിനിടെ പ്രതി എതിർ ദിശയിൽ ഓടിച്ച കാർ റോഡ് സൈഡിൽ നിർത്തിയിട്ട മറ്റേതാനും കാറുകളിൽ കൂട്ടിയിടിക്കുകയും ചെയ്തു. 
സെയിൽസ്മാൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച സുരക്ഷാ വകുപ്പുകൾ മണിക്കൂറുകൾക്കും പ്രതികളെ അറസ്റ്റ് ചെയ്തു. കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷനു കൈമാറുന്നതിനു മുന്നോടിയായി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 


 

Tags

Latest News