Sorry, you need to enable JavaScript to visit this website.

ഡേവിസ് കപ്പ് വേദി മാറ്റം: പാക്കിസ്ഥാന്‍ അപ്പീലിന്

ഇസ്‌ലാമാബാദ് - ഇന്ത്യ-പാക്കിസ്ഥാന്‍ ഡേവിസ് കപ്പ് ടെന്നിസ് മത്സരം കൂടുതല്‍ നിയമക്കുരുക്കിലേക്ക്. ഇസ്‌ലാമാബാദില്‍ നിന്ന് വേദി മാറ്റിയതിനെതിരെ പാക്കിസ്ഥാന്‍ ടെന്നിസ് ഫെഡറേഷന്‍ (പി.ടി.എഫ്) ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന് അപ്പീല്‍ നല്‍കി. വെള്ളിയാഴ്ചക്കകം തീരുമാനം പ്രതീക്ഷിക്കുന്നതായി പി.ടി.എഫ് പ്രസിഡന്റ് സലീം സയ്ഫുല്ല അറിയിച്ചു. 29 നും 30 നുമായാണ് മത്സരം. പാക്കിസ്ഥാന് പുറത്ത് ഒരു വേദി നിശ്ചയിക്കാനാണ് പി.ടി.എഫിനോട് ഐ.ടി.എഫ് നിര്‍ദേശിച്ചിരിക്കുന്നത്. 
ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്ക് കര്‍താര്‍പൂര്‍ ഇടനാഴി വഴി പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഏതാനും ടെന്നിസ് താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കളിച്ചു കൂടെന്നാണ് പി.ടി.എഫ് ചോദിക്കുന്നത്. അപ്പീല്‍ നിരസിക്കുകയാണെങ്കില്‍ മറ്റു ചില നടപടികള്‍ കൂടി ഉദ്ദേശിക്കുന്നുണ്ടെന്ന് സയ്ഫുല്ല അറിയിച്ചു. ഒരു പ്രധാന കായിക മത്സരം സംഘടിപ്പിക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യം വെച്ച് തങ്ങളെ തടയരുതെന്ന് പി.ടി.എഫ് ആവശ്യപ്പെട്ടു. 
സെപ്റ്റംബറില്‍ നടക്കേണ്ട മത്സരം ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് നവംബറിലേക്ക് നീട്ടിവെച്ചതായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉസ്‌ബെക്കിസ്ഥാന്‍, കൊറിയ, തായ്‌ലന്റ് ടീമുകള്‍ പാക്കിസ്ഥാനില്‍ കളിച്ചതായി പി.ടി.എഫ് ചൂണ്ടിക്കാട്ടി. കളി പാക്കിസ്ഥാനില്‍ നിന്ന് മാറ്റുകയാണെങ്കില്‍ പകരം വേദി നിശ്ചയിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും സയ്ഫുല്ല അറിയിച്ചു. 

Latest News