Sorry, you need to enable JavaScript to visit this website.

രണ്ടു കളിയില്‍ 13 ഗോള്‍, കര്‍ണാടക ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട് - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി-യില്‍ നിന്ന് കര്‍ണാടക ഫൈനല്‍ റൗണ്ടിലെത്തി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തെലങ്കാനയെ പരാജയപ്പെടുത്തിയാണ് കര്‍ണ്ണാടക മുന്നേറിയത്.  11, 26 മിനുട്ടുകളില്‍ ദിപ് മജുംദാറും 55, 57 മിനുട്ടുകളില്‍ അമയ് മോറാജക്കറും 61, 87 മിനുട്ടുകളില്‍ നിഖില്‍ രാജും ഇരട്ട ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. തെല ങ്കാനക്കായി യുമ്‌നം അര്‍നോള്‍ഡ് ആശ്വാസ ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടി ബോക്‌സിനു പുറത്ത് വെച്ച് പന്ത് കൈ കൊണ്ട് ക്ലിയര്‍ ചെയ്തതിന് തെലങ്കാന ഗോളി ചുവപ്പ് കാര്‍ഡ് കണ്ടു.ഗ്രൂപ്പില്‍ രണ്ട് ജയവുമായി ആറ് പോയിന്റ് കര്‍ണ്ണാടകക്കുണ്ട്. ആദ്യ മത്സരത്തില്‍ അവര്‍ ഏഴു ഗോളിന് പുതുച്ചേരിയെ തോല്‍പിച്ചിരുന്നു.
ഗ്രൂപ്പ് എ-യില്‍ നിന്ന് കേരളം യോഗ്യത നേടുന്നതിന്റെ വക്കിലാണ്. കേരളവും തമിഴ്‌നാടും തമ്മിലാണ് ശനിയാഴ്ച മത്സരം. ഇരു ടീമുകളും ആദ്യ മത്സരം ജയിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍വ്യത്യാസമുള്ള കേരളത്തിന് ഇന്ന് സമനില നേടിയാലും ഫൈനല്‍ റൗണ്ടിലെത്താം. എന്നാല്‍ തമിഴ്‌നാടിന് ജയം തന്നെ വേണം. കേരളം 5-0 നും തമിഴ്‌നാട് 4-1 നും ആന്ധ്രാപ്രദേശിനെ തോല്‍പിച്ചിരുന്നു. 

Latest News